ഗണേശോത്സവത്തിനിടെ ദുരന്തം… എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർക്ക്…

മുംബൈ ലാൽബാഗിൽ ഗണേശോത്സവ ആഘോഷങ്ങൾക്കിടെ വൈദ്യുതാഘാതമേറ്റ് എട്ടുവയസ്സുകാരി ഉൾപ്പെടെ രണ്ടുപേർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.20ഓടെയാണ് കാലാചൗക്കിയിലെ ദത്താരം ലാഡ് മാർഗിൽ അപകടമുണ്ടായത്. ഗണേശോത്സവത്തോടനുബന്ധിച്ച് വലിയ ജനത്തിരക്ക് അനുഭവപ്പെട്ട സമയത്തായിരുന്നു അപകടം. കാലാചൗക്കി വിഭാഗ് സാർവജനിക ഉത്സവ് മണ്ഡലിന് സമീപമാണ് സംഭവം. അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മസീന ആശുപത്രിയിൽ എത്തിച്ച എട്ടുവയസ്സുകാരി രാഗിണി ഘൻശ്യാം യാദവിനെ മരിച്ച നിലയിലാണ് പ്രവേശിപ്പിച്ചത്. തിരക്ക് കാരണം ദർശനം വേണ്ടെന്ന് വച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പന്തലിന് പുറത്തുള്ള കടയ്ക്ക് സമീപം നിൽക്കുമ്പോഴാണ് രാഗിണിക്ക് വൈദ്യുതാഘാതമേറ്റതെന്ന് അമ്മായി കിസ്മതി യാദവ് പറഞ്ഞു. അലങ്കാര ലൈറ്റുകളിൽ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് ബന്ധുക്കളുടെ ആരോപണം. അപകടസ്ഥലത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ സംഘാടകർ ഒരുക്കിയിരുന്നില്ലെന്നും അവർ ആരോപിച്ചു. പിന്നാലെ ഗ്ലോബൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു സ്ത്രീയും മരിച്ചു. കിരൺ അക്ബർ നായിക് (19), തൻവി നർഷ് ഹാൻഡെ (19), സാഹിൽ സന്ദീപ് താരെ (19), റൂഹി സിങ് (12) എന്നിവരാണ് നിലവിൽ ചികിത്സയിലുള്ളത്.



