ബംഗ്ലാദേശ് സ്വദേശി ഏഴിമലയിലെത്തിയത് കുടുംബസമേതം… ഭാര്യയും നാവിക അക്കാദമിയിൽ…

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമിയിൽ ബംഗ്ലാദേശ് പൗരൻ പിടിപിടിയിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങ്ൾ പുറത്ത്. ബിപ് ലോബ് സോറൻ (32) ആണ് നാവികസേനാ അധികൃതരുടെ പിടിയിലായത്. ഒന്നരവർഷമായി അക്കാദമിയിലെ അലക്ക്-ശുചീകരണ വിഭാഗത്തിൽ ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളില്ലാതെ ജോലി ചെയ്തുവെന്നാണ് അധികൃതരുടെ കണ്ടെത്തൽ. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് വെള്ളിയാഴ്ച നാവികസേനാ ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബംഗ്ലാദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ ഉൾപ്പെടെയുള്ളവ കണ്ടെത്തുകയായിരുന്നു.

നാവികസേനാ അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം സോറനെ പയ്യന്നൂർ പൊലീസിന് കൈമാറി. ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025, ഒഫീഷ്യൽ സീക്രട്ട്‌സ് ആക്ട് 1923 എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. പയ്യന്നൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പത്താം ക്ലാസ് വരെ ബംഗ്ലാദേശിൽ പഠിച്ച സോറൻ പിന്നീട് മുർഷിദാബാദിലെത്തുകയും കൊൽക്കത്ത, ഗുജറാത്ത്, ഛത്തീസ്ഗഢ്, മുംബൈ എന്നിവിടങ്ങളിൽ ജോലി ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. മുർഷിദാബാദിലെ നബാഗ്രാമിൽ നിന്നാണ് വിവാഹം കഴിച്ചത്. ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഭാര്യയുടെ പിതാവിന്റെ പരിചയത്തിലുള്ള, നാവികസേനയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നയാളാണ് സോറന് ഏഴിമലയിൽ ജോലി തരപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ഭാര്യയ്ക്കൊപ്പമാണ് ഒന്നരവർഷമായി ഏഴിമലയിൽ വീടെടുത്ത് താമസിച്ചിരുന്നത്. ഭാര്യയും അക്കാദമിയിൽ ശുചീകരണത്തൊഴിലാളിയാണ്. പ്രധാന സൈനികകേന്ദ്രമായ ഏഴിമല നാവിക അക്കാദമിയിൽ ഒരുവർഷത്തിലേറെയായി ബംഗ്ലാദേശ് പൗരൻ ജോലി ചെയ്ത സംഭവത്തിൽ സുരക്ഷാ ഏജൻസികളും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ, വിസയും പാസ്‌പോർട്ടുമില്ലാതെ കണ്ണൂർ നഗരത്തിലെ സ്പാ മസാജ് സെന്ററിൽ ജോലി ചെയ്തിരുന്ന അഞ്ച് ബംഗ്ലാദേശി യുവതികളെയും കണ്ണൂർ ടൗൺ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

Related Articles

Back to top button