ചെറിയാൻ ഫിലിപ്പിന്റെ ആലിംഗനശ്രമം തടഞ്ഞ് ബിന്ദു കൃഷ്ണ…. ഇന്ദിരാഭവന് മുന്നിൽ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിന് എത്തിയ ബിന്ദു കൃഷ്ണയെ സ്വീകരിക്കുന്നതിനിടെയാണ് സംഭവം. എംഎൽഎമാരെ സ്വീകരിക്കാൻ കൈകൊടുക്കാൻ ശ്രമിച്ച ബിന്ദു കൃഷ്ണയെ ചെറിയാൻ ഫിലിപ്പ് ആലിംഗനം ചെയ്യാൻ മുതിരുകയായിരുന്നു. എന്നാൽ ഉടൻ തന്നെ ബിന്ദു കൃഷ്ണ അദ്ദേഹത്തെ തള്ളിമാറ്റുകയും മറ്റ് നേതാക്കൾക്ക് ഹസ്തദാനം നൽകി യോഗസ്ഥലത്തേക്ക് കടന്നുപോകുകയും ചെയ്തു.
സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ചെറിയാൻ ഫിലിപ്പിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. പാലോട് രവി ഉൾപ്പെടെയുള്ള മറ്റ് നേതാക്കൾ സ്ഥലത്തുണ്ടായിരുന്നു. എഐസിസി നിരീക്ഷകരായ മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ദിരാഭവനിൽ നിർണ്ണായക യോഗം തുടരുകയാണ്. എംഎൽഎമാരെ ഓരോരുത്തരെയായി കണ്ട് നിരീക്ഷകർ അഭിപ്രായം തേടുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ കരുനീക്കം ശക്തമാക്കിയതോടെ അദ്ദേഹത്തെ തടയാൻ വി.ഡി. സതീശൻ – രമേശ് ചെന്നിത്തല പക്ഷങ്ങൾ കൈകോർക്കുന്നതായി സൂചനയുണ്ട്. 45 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് കെ.സി. പക്ഷം അവകാശപ്പെടുമ്പോൾ, ബാക്കിയുള്ളവരെ തങ്ങളുടെ പക്ഷത്തെത്തിക്കാനുള്ള ശ്രമത്തിലാണ് സതീശനും ചെന്നിത്തലയും.
ഹൈക്കമാൻഡ് പ്രതിനിധികൾ ഇന്ന് തന്നെ ദില്ലിയിലേക്ക് മടങ്ങും. തുടർന്ന് ഹൈക്കമാൻഡ് നടത്തുന്ന ചർച്ചകൾക്ക് ശേഷം നാളെയോടെ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.



