“മോദിക്ക് എന്ത് പരിചയമുണ്ടായിരുന്നു?”…. ഭരണപരിചയം മുഖ്യമന്ത്രിയാകാൻ മാനദണ്ഡമല്ലെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ഭരണരംഗത്ത് പ്രവൃത്തിപരിചയം കുറവാണെന്ന വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചാണ് വി.ഡി. സതീശൻ രംഗത്തെത്തിയത്. നരേന്ദ്ര മോദിയുടെയും വി.എസ്. അച്യുതാനന്ദന്റെയും ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഗുജറാത്ത് മുഖ്യമന്ത്രിയാകുന്നതിന് മുൻപ് നരേന്ദ്ര മോദിക്ക് എന്ത് ഭരണപരിചയമാണ് ഉണ്ടായിരുന്നതെന്ന് സതീശൻ ചോദിച്ചു. ഭരണാധികാരികൾക്ക് വേണ്ടത് വ്യക്തമായ പ്ലാനുകളും അത് നടപ്പിലാക്കാനുള്ള ഉൾക്കാഴ്ചയുമാണ്.

മികച്ചൊരു ടീമും ദീർഘവീക്ഷണവുമുണ്ടെങ്കിൽ ആർക്കും ഭരണം മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. മുഖ്യമന്ത്രിയെ നിശ്ചയിക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം മാത്രം നോക്കിയാൽ പോരെന്നും പൊതുവികാരം കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം എഐസിസി നിരീക്ഷകരെ അറിയിച്ചു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചില്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന കർശന നിലപാടിലാണ് സതീശനെന്നാണ് സൂചന.

എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്‌നിക് എന്നിവരുടെ നേതൃത്വത്തിൽ നിയുക്ത എംഎൽഎമാരുമായുള്ള ചർച്ചകൾ ഇന്ദിരാഭവനിൽ തുടരുകയാണ്. ഓരോ എംഎൽഎമാരെയും വ്യക്തിപരമായി കാണുന്ന കാര്യത്തിൽ നിരീക്ഷകർ തീരുമാനമെടുക്കും. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനിടെ സതീശൻ നടത്തിയ ഈ നീക്കം ഹൈക്കമാൻഡിന് മേൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്.

Related Articles

Back to top button