പന്നിയാർ പുഴയിൽ റവന്യൂ വകുപ്പിന്റെ ‘ബുൾഡോസർ’….. 88 അനധികൃത കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ നടപടി

ഇടുക്കി: പൂപ്പാറയിൽ പന്നിയാർ പുഴയുടെ തീരം കൈയേറി നിർമ്മിച്ച 88 കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്ന നടപടികൾക്ക് ജില്ലാ ഭരണകൂടം തുടക്കം കുറിച്ചു. ഹൈക്കോടതിയുടെ കർശന ഉത്തരവിനെത്തുടർന്നാണ് റവന്യൂ വകുപ്പിന്റെ ഈ നിർണ്ണായക നീക്കം. പുഴയുടെ ഇരുകരകളിലുമായി 56 പേരുടെ ഉടമസ്ഥതയിലുള്ള 88 കെട്ടിടങ്ങളാണ് പട്ടികയിലുള്ളത്. ഇതിൽ 29 വീടുകളും രണ്ട് ദേവാലയങ്ങളും ഉൾപ്പെടുന്നു.
2023-ൽ ഈ കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്ത് പൊളിച്ചുനീക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പുഴയുടെ സംരക്ഷണത്തിന് കൈയേറ്റങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നായിരുന്നു കോടതി നിർദ്ദേശം. വീടുകൾ നഷ്ടപ്പെടുന്നവരിൽ അർഹരായ 12 കുടുംബങ്ങൾക്ക് സർക്കാർ പുനരധിവാസം ഉറപ്പാക്കും. നിർമ്മാണങ്ങൾക്ക് പ്രാദേശിക ഭരണകൂടത്തിന്റെയോ ഉദ്യോഗസ്ഥരുടെയോ വഴിവിട്ട സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പ്രത്യേക സംഘം പരിശോധിക്കും. വീഴ്ച കണ്ടെത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.
ദേവാലയങ്ങൾ പൊളിച്ചുനീക്കുന്നതിനിടെ പ്രദേശത്ത് നേരിയ തോതിൽ പ്രതിഷേധം അരങ്ങേറി. എന്നാൽ കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് അധികൃതർ. വൻ പോലീസ് സന്നാഹത്തിന്റെ കാവലിലാണ് ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നത്.



