യുഡിഎഫ് മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി… കെ. ശിവദാസൻ നായർ…

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ പുതിയ മദ്യനയം ചർച്ച ചെയ്യാൻ ഉപസമിതി രൂപീകരിച്ചു. മുൻ എംഎൽഎ കെ. ശിവദാസൻ നായർ കൺവീനറായുള്ള സമിതിയെ മുഖ്യമന്ത്രി വി.ഡി. സതീശനാണ് പ്രഖ്യാപിച്ചത്. വിശദമായ ചർച്ചകൾക്ക് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നൽകിയിരിക്കുന്ന നിർദേശം. അങ്കമാലി മുൻ എംഎൽഎ പി.ജെ. ജോയ്, ജെ. ജയന്ത് എംഎൽഎ എന്നിവരാണ് സമിതിയിലെ കോൺഗ്രസ് പ്രതിനിധികൾ.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് മുൻ എംപി ജോയ് എബ്രഹാം, ആർഎസ്പിയിൽ നിന്ന് വിഷ്ണുമോഹൻ എംഎൽഎ, കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽനിന്ന് പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ, സിഎംപിയിൽനിന്ന് സി.എ. അജീർ എന്നിവരും സമിതിയിലുണ്ട്. അതേസമയം, സമിതിയിൽ മുസ്ലിം ലീഗിന് പ്രതിനിധിയില്ല. മദ്യനയവുമായി ബന്ധപ്പെട്ട സമിതിയായതിനാൽ പ്രതിനിധിയെ നൽകുന്നില്ലെന്ന് ലീഗ് അറിയിക്കുകയായിരുന്നു. എക്സൈസ് മന്ത്രി എം. ലിജു അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് മദ്യനയത്തിലെ നിർദേശങ്ങളാണ് ഉപസമിതി വിശദമായി പരിശോധിക്കുക. യുഡിഎഫിലെ വിവിധ ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ചർച്ച ചെയ്യും.

മന്ത്രിസഭയുടെ അന്തിമ അംഗീകാരത്തിന് മുന്നോടിയായി ആവശ്യമായ ഭേദഗതികളും നിർദേശങ്ങളും ഉൾപ്പെടുത്തിയ റിപ്പോർട്ട് യുഡിഎഫ് നേതൃത്വത്തിന് സമർപ്പിക്കും. ഈ മാസം 30-നകം പുതിയ മദ്യനയം രൂപീകരിക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സാധാരണ യുഡിഎഫ് യോഗം ചേർന്നാണ് ഇത്തരം നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാറുള്ളത്. എന്നാൽ ആറുമാസമായി യുഡിഎഫ് യോഗം ചേർന്നിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് ഉപസമിതി അംഗങ്ങളെ പ്രഖ്യാപിച്ചതും രാഷ്ട്രീയ ശ്രദ്ധ നേടുന്നുണ്ട്. ഉപസമിതി കൺവീനറായ കെ. ശിവദാസൻ നായർ മുഖ്യമന്ത്രിക്കെതിരെ നേരത്തെ പരസ്യവിമർശനം ഉന്നയിച്ച സാഹചര്യത്തിൽ, സമിതി രൂപീകരണവുമായി ബന്ധപ്പെട്ട് അടൂർ പ്രകാശുമായി ചർച്ച നടത്തിയിരുന്നോയെന്ന കാര്യവും വ്യക്തമല്ല.

Related Articles

Back to top button