കനത്ത ഇടിവിന് പിന്നാലെ സ്വർണവിലയിൽ വൻ തിരിച്ചുവരവ്… പവന് ഒറ്റയടിക്ക്…

കനത്ത ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ ശക്തമായ തിരിച്ചുവരവ്. ഒറ്റയടിക്ക് പവന് 1,920 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 92,320 രൂപയായി ഉയർന്നു. ഗ്രാമിന് 240 രൂപ വർധിച്ച് 11,540 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. മറ്റ് കാരറ്റുകളിലും വില വർധന രേഖപ്പെടുത്തി. 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 195 രൂപ കൂടി 9,440 രൂപയായി. 14 കാരറ്റിന് 155 രൂപ വർധിച്ച് 7,395 രൂപയിലെത്തി. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 95 രൂപ ഉയർന്ന് 4,770 രൂപയായി.

അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 165 രൂപയും 10 ഗ്രാമിന് 1,650 രൂപയുമാണ് ഇന്നത്തെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയുടെ തിരിച്ചുവരവിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. തുടർച്ചയായ ഇടിവുകൾക്ക് ശേഷം അന്താരാഷ്ട്ര വിപണിയിലും സ്വർണം ശക്തമായ മുന്നേറ്റമാണ് നടത്തുന്നത്. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ശക്തമായി തുടരുന്ന സാഹചര്യത്തിലും സ്വർണവില തിരിച്ചുകയറിയത് വിപണിയിൽ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. വരും ദിവസങ്ങളിൽ ആഗോള സാമ്പത്തിക സാഹചര്യങ്ങളും ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങളും സ്വർണവിലയുടെ ഗതിയെ സ്വാധീനിച്ചേക്കും.

Related Articles

Back to top button