ചായക്കടയിലേക്ക് നിയന്ത്രണംവിട്ട ലോറി പാഞ്ഞുകയറി… രണ്ടുപേർ…

തൃശ്ശൂർ: ചേലക്കോട് നിയന്ത്രണംവിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർ മരിച്ചു. പഴയന്നൂർ പാറക്കുളം കാഞ്ഞിരംകുന്നത്ത് ഷെമീർ (42), പാലക്കാട് മണ്ണാർക്കാട് പാലക്കയം മഠത്തിൽപറമ്പിൽ ദേവസ്യയുടെ മകൻ ജോസഫ് (53) എന്നിവരാണ് മരിച്ചത്. തിരുവോണദിനത്തിലുണ്ടായ അപകടം നാടിനെ കണ്ണീരിലാഴ്ത്തി. പ്ലാഴി–വാഴക്കോട് സംസ്ഥാന പാതയിൽ ചേലക്കോട് സെന്ററിന് സമീപം ബുധനാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. വളവിൽവച്ച് മിൽമ പാൽ കയറ്റിവന്ന ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ചായക്കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
അപകടസമയത്ത് ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് വാഹനം റോഡരികിൽ നിർത്തി ചായക്കടയിലെത്തിയിരുന്നു. ചേലക്കര ഭാഗത്തുനിന്ന് സ്കൂട്ടറിൽ പഴയന്നൂരിലേക്ക് പോകുകയായിരുന്ന ഷെമീറും ചായക്കടയിലെത്തിയിരുന്നു. നിമിഷങ്ങൾക്കകമാണ് നിയന്ത്രണംവിട്ട ലോറി ഇരുവരെയും ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാരും പൊലീസും ചേർന്ന് ആശുപത്രിയിലെത്തിച്ചു. ഷെമീറിനെ ചേലക്കര താലൂക്ക് ആശുപത്രിയിലും ജോസഫിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചായക്കടയുടമ നെയ്ത്തുകുളങ്ങര വീട്ടിൽ ശശിധരൻ ചെറിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. നിരവധി അപകടങ്ങൾ നടന്നിട്ടുള്ള പ്രദേശത്താണ് വീണ്ടും ദുരന്തമുണ്ടായത്. സംഭവത്തിൽ ചേലക്കര പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.




