പുതിയ പാർലമെന്റ് മന്ദിരത്തിലും വെള്ളക്കെട്ട്; ‘വോട്ടല്ല, ബോട്ടാണ് വേണ്ടത്’ പരിഹാസവുമായി കോൺഗ്രസ്

കനത്ത മഴയിൽ പുതിയ പാർലമെന്റ് മന്ദിരത്തിൽ വെള്ളം കയറിയെന്നാരോപിച്ച് കോൺഗ്രസിന്റെ വിമർശനം. പാർലമെന്റ് മന്ദിരത്തിനുള്ളിൽ വെള്ളം ഒലിച്ചിറങ്ങുന്നതിന്റെയും പുറത്തു വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെയും ദൃശ്യങ്ങൾ കോൺഗ്രസ് നേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. സമാനമായ വെള്ളക്കെട്ട് ആരോപണങ്ങൾക്കിടെ ബിജെപി ദൃശ്യങ്ങളെ ‘വ്യാജവാർത്ത’യെന്ന് തള്ളിയിട്ടുണ്ട്. കോൺഗ്രസ് ദേശീയ വക്താവ് സുപ്രിയ ശ്രീനേത് എക്‌സിലൂടെയാണ് വീഡിയോ പങ്കുവച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് 1,200 കോടി രൂപ ചെലവഴിച്ചിട്ടും മഴക്കാലത്തെ സ്ഥിതി പരിതാപകരമാണെന്ന് അവർ വിമർശിച്ചു.
കോൺഗ്രസ് എംപി രേണുക ചൗധരിയും പാർലമെന്റ് പരിസരത്തെ വെള്ളക്കെട്ടിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് കേന്ദ്രസർക്കാരിനെ വിമർശിച്ചു. ‘പുതിയ പാർലമെന്റിന് വോട്ടല്ല, ബോട്ടുകളാണ് വേണ്ടത്’ എന്നായിരുന്നു രേണുക ചൗധരിയുടെ പരിഹാസം. ചൊവ്വാഴ്ച ഡൽഹിയിൽ ശക്തമായ മഴയാണ് ലഭിച്ചത്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ടും ഗതാഗത തടസ്സവും അനുഭവപ്പെട്ടു. എയിംസ് ഫ്ലൈഓവർ ലൂപ്പ്, ഭിക്കാജി കാമ പ്ലേസ്, ബാബ ഖരക് സിംഗ് മാർഗ്, ആർ.കെ. പുരം, ശാന്തി പാത്ത് തുടങ്ങിയ മേഖലകളിലും വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. അതേസമയം, പുതിയ പാർലമെന്റ് മന്ദിരത്തിൽ മഴവെള്ളം ചോർന്നുവെന്ന ആരോപണം ഇതാദ്യമല്ല. 2024ലെ കനത്ത മഴയ്ക്കുശേഷവും സമാനമായ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ചോർച്ചയ്ക്ക് കാരണം ഗ്ലാസ് ഡോമുകൾ സ്ഥാപിക്കാൻ ഉപയോഗിച്ചിരുന്ന ഒട്ടുപദാർഥം നീങ്ങിയതാണെന്ന് വിശദീകരിച്ചിരുന്നു.
