ജന്തർമന്തർ സമരത്തിന് പിന്നാലെ സംഘടനാ വിപുലീകരണവുമായി സിജെപി… സെപ്റ്റംബർ അഞ്ചിന്…

ജന്തർമന്തറിലെ സമരത്തിലൂടെ ദേശീയ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാപാർട്ടി (സിജെപി) രാജ്യവ്യാപകമായി സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നു. താഴെത്തട്ടിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും പ്രാദേശിക നേതൃനിരയെ വളർത്തിയെടുക്കുന്നതിനുമാണ് പാർട്ടിയുടെ നീക്കം. മഹാരാഷ്ട്രയിൽ ചേർന്ന യോഗത്തിൽ സിജെപിയുടെ ദേശീയ പ്രവർത്തകസമിതി നേരത്തെ രൂപവത്കരിച്ചിരുന്നു.
ഇതിന് പിന്നാലെ സംഘടനാ ജോയിന്റ് സെക്രട്ടറിമാരെയും ദേശീയ വക്താക്കളെയും പാർട്ടി പ്രഖ്യാപിച്ചു. ജന്തർമന്തർ സമരത്തിൽ സജീവമായിരുന്ന സുധീർ സാങ്വാൻ, സിദ്ധാന്ത് ഭരദ്വാജ് എന്നിവരെയാണ് ദേശീയ വക്താക്കളായി നിയമിച്ചത്. വടക്ക്, കിഴക്ക്, പടിഞ്ഞാറൻ മേഖലകൾക്കായി കോഡിനേഷൻ കമ്മിറ്റികളും രൂപവത്കരിച്ചു. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ മേഖലയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും കമ്മിറ്റികൾ പിന്നീട് പ്രഖ്യാപിക്കും. ഇതിനായി ദേശീയ പ്രവർത്തകസമിതി ഇരു മേഖലകളിലും സന്ദർശനം നടത്തും. വരും ആഴ്ചകളിൽ സന്ദർശനങ്ങളും കൂടിക്കാഴ്ചകളും പൂർത്തിയാക്കി മേഖലാ കോഡിനേഷൻ കമ്മിറ്റികൾ പ്രഖ്യാപിക്കുമെന്ന് സിജെപി മാധ്യമവിഭാഗം അറിയിച്ചു. സമരം അവസാനിപ്പിച്ചപ്പോൾ കേന്ദ്രസർക്കാർ നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്ന് ആരോപിച്ച് സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്താനിരിക്കെയാണ് സംഘടനാ വിപുലീകരണ നടപടികൾ ശക്തമാക്കുന്നത്.
അതേസമയം, വൊളന്റിയർമാർക്കും പിന്തുണയ്ക്കുന്നവർക്കുമായി നിയമസഹായം ലഭ്യമാക്കുന്നതിനുള്ള പ്രത്യേക വെബ്സൈറ്റും സിജെപി പുറത്തിറക്കി. വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് അഭിഭാഷകർ മുഖേന നിയമസഹായം നൽകുമെന്ന് പാർട്ടിയുടെ നിയമകാര്യ മേധാവി അഡ്വ. രത്നാ സിങ് അറിയിച്ചു. വിവിധ ഭാഷകളിൽ സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന സംവിധാനത്തിൽ അഭിഭാഷകർക്കും ചേരാനാകും.



