മൂഴിയാർ ജനറേറ്റർ മാറ്റാനുള്ള ശുപാർശ തള്ളി…. ആറുവർഷം മുൻപത്തെ…

കോട്ടയം: മൂഴിയാർ പവർഹൗസിലെ വിവാദ നാലാം നമ്പർ ജനറേറ്റർ മാറ്റി പുതിയത് സ്ഥാപിക്കാനുള്ള ജനറേഷൻ വിഭാഗത്തിന്റെ ശുപാർശ തള്ളിയതായി റിപ്പോർട്ട്. ആറുവർഷം മുൻപാണ് പുതിയ ജനറേറ്റർ സ്ഥാപിക്കണമെന്ന ശുപാർശ കെ.എസ്.ഇ.ബി. ബോർഡിന് സമർപ്പിച്ചത്. എന്നാൽ വൈദ്യുതി വകുപ്പിലെ ഉന്നതരുടെ നിർദേശത്തെ തുടർന്ന് ശുപാർശ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

ഏകദേശം 40 കോടി രൂപ ചെലവിൽ പുതിയ ജനറേറ്റർ സ്ഥാപിക്കാമെന്നും ചെലവ് അഞ്ചുവർഷം കൊണ്ട് തിരിച്ചുപിടിക്കാമെന്നുമായിരുന്നു ശുപാർശ. പുതിയ ജനറേറ്റർ സ്ഥാപിച്ച് 60 മെഗാവാട്ടിന്റെ പൂർണ ശേഷിയിൽ പ്രവർത്തിപ്പിച്ചാൽ ശബരിഗിരി പദ്ധതിക്കും നേട്ടമാകുമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജനറേറ്റർ സ്ഥാപിക്കാൻ വൈദഗ്ധ്യമുള്ള ഇന്ത്യൻ സ്ഥാപനങ്ങൾ നിലവിലുണ്ടെന്നും ശുപാർശയിൽ വ്യക്തമാക്കിയിരുന്നു. നിലവിൽ മുടന്തിനീങ്ങുന്ന നാലാം നമ്പർ ജനറേറ്റർ ഇതുവരെ ഏകദേശം 1000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ. പ്രഖ്യാപിത ശേഷിയായ 60 മെഗാവാട്ടിന് അടുത്തുപോലും സ്ഥിരമായി എത്താൻ ജനറേറ്ററിന് കഴിയുന്നില്ല. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ വിദഗ്ധർ നവീകരണം നടത്തിയ സമയത്ത് ഏതാനും ദിവസങ്ങൾ 60 മെഗാവാട്ട് ഉത്പാദിപ്പിച്ചതൊഴിച്ചാൽ പിന്നീട് ജനറേറ്റർ പൂർണ ശേഷിയിൽ പ്രവർത്തിച്ചിട്ടില്ല. തുടർച്ചയായ വിറയൽ കാരണം ജീവനക്കാർക്ക് ജനറേറ്ററിന് സമീപം ജോലി ചെയ്യാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും റിപ്പോർട്ടുണ്ട്.

അതേസമയം, ജനറേറ്റർ മാറ്റിയാൽ ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മറച്ചുവെച്ച വീഴ്ചകൾ പുറത്തുവരുമെന്ന ആശങ്കയാണ് ബോർഡിലെ ഒരു വിഭാഗം ഉന്നതർക്കുണ്ടായിരുന്നതെന്നാണ് വിവരം. 2013ൽ സ്ഥാപിച്ച ജനറേറ്ററിന് 2028 വരെ പെർഫോമൻസ് ഗ്യാരണ്ടിയുണ്ട്. ഈ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ജനറേറ്റർ മാറ്റുന്നത് ചില ഉദ്യോഗസ്ഥരെ നിയമക്കുരുക്കിലാക്കുമെന്നും രഹസ്യ നിയമോപദേശം ലഭിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. കരാർ പ്രകാരമുള്ള പ്രകടനം ജനറേറ്ററിന് കൈവരിക്കാനായില്ലെങ്കിൽ പിടിച്ചുവെക്കേണ്ടിയിരുന്ന മൂന്ന് കോടി രൂപയുടെ പെർഫോമൻസ് ഗ്യാരണ്ടി ചൈനീസ് കമ്പനിക്ക് തിരികെ നൽകിയതും പുതിയ ജനറേറ്റർ സ്ഥാപിച്ചാൽ പുറത്തുവരാവുന്ന വീഴ്ചകളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button