സൈബർ തട്ടിപ്പുകൾക്കെതിരെ കടുത്ത നടപടി… ഡിജിറ്റൽ അറസ്റ്റ് തടയാൻ…

രാജ്യത്തെ വർധിച്ചുവരുന്ന സൈബർ തട്ടിപ്പുകൾക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയാൻ സമഗ്രമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശീലനം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. 53-ാമത് പ്രഗതി യോഗത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ സൈബർ കുറ്റകൃത്യങ്ങളുടെ സാഹചര്യം വിലയിരുത്തിയത്.
പുതിയ രീതിയിലുള്ള സൈബർ തട്ടിപ്പുകൾ വേഗത്തിൽ തിരിച്ചറിയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകണമെന്ന് മോദി പറഞ്ഞു. ഇതിനായി വിവിധ വകുപ്പുകൾ ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, ബാങ്ക് വിവരങ്ങളുടെ കൈമാറ്റം തുടങ്ങിയവയെക്കുറിച്ച് ജനങ്ങൾക്ക് കൂടുതൽ ബോധവൽക്കരണം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുതിർന്ന പൗരന്മാരാണ് സൈബർ തട്ടിപ്പുകൾക്ക് കൂടുതലായി ഇരയാകുന്നത് എന്ന സാഹചര്യത്തിൽ ഇവർക്കായി പ്രത്യേക ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തട്ടിപ്പുകാർ സ്വീകരിക്കുന്ന വിവിധ രീതികളും തട്ടിപ്പുകളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും മുതിർന്ന പൗരന്മാരെ കൃത്യമായി ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം നിർദേശിച്ചു. അതേസമയം, കൃഷിമേഖലയുടെ നവീകരണത്തിനും ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യകൾ കൂടുതൽ പ്രയോജനപ്പെടുത്തണമെന്നും പ്രഗതി യോഗത്തിൽ പ്രധാനമന്ത്രി നിർദേശിച്ചു.



