ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മയുടെ ആത്മഹത്യ… മൃതദേഹവുമായി ബാങ്കിന് മുന്നിൽ…

കോഴിക്കോട്: പേരാമ്പ്രയിൽ ജപ്തി ഭീഷണിയെ തുടർന്ന് വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ മൃതദേഹവുമായി ബാങ്കിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. സൗത്ത് ഇന്ത്യൻ ബാങ്കിന് മുന്നിൽ മൃതദേഹം ആംബുലൻസിൽ എത്തിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. റോഡ് ഉപരോധിച്ചതോടെ പ്രദേശത്ത് ഗതാഗതം തടസ്സപ്പെട്ടു. മരിച്ച കവിതയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും വായ്പാ ബാധ്യത പൂർണമായും എഴുതിത്തള്ളണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.
വായ്പ തിരിച്ചടയ്ക്കുക എന്നത് കുടുംബത്തിന് അസാധ്യമാണെന്നും ബാങ്കിന്റെ നടപടികളാണ് വീട്ടമ്മയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ബാങ്ക് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് പൊലീസും സമരക്കാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതും കൂടുതൽ പ്രതിഷേധത്തിന് ഇടയാക്കി.
കവിതയുടെ ബന്ധുക്കളും പ്രതിഷേധക്കാർക്കൊപ്പം ബാങ്കിന് മുന്നിൽ നിലയുറപ്പിച്ചിട്ടുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനിടെ പേരാമ്പ്ര, ബാലുശ്ശേരി എംഎൽഎമാർ ബാങ്ക് അധികൃതരുമായി ചർച്ച നടത്തുകയാണ്. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ പ്രതിഷേധം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.



