പാലത്തായി പോക്സോ കേസ്… പ്രതി പത്മരാജന് സുപ്രീംകോടതി നോട്ടീസ്

ദില്ലി: പാലത്തായി പോക്സോ കേസ് പ്രതി പത്മരാജന് നോട്ടീസ് അയച്ച് സുപ്രീംകോടതി. പത്മരാജന് ജാമ്യം അനുവദിച്ച കേരള ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് അതിജീവിതയുടെ അമ്മയും സംസ്ഥാന സർക്കാരും സമർപ്പിച്ച ഹർജികളിലാണ് സുപ്രീംകോടതിയുടെ നടപടി. ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ജസ്റ്റിസ് എം.എം. സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

2020ലാണ് പാലത്തായിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിനിയായിരുന്ന പത്തുവയസ്സുകാരിയെ അധ്യാപകനായിരുന്ന പത്മരാജൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയർന്നത്. കേസിൽ 2025 നവംബറിൽ തലശ്ശേരി അതിവേഗ പ്രത്യേക കോടതി പത്മരാജനെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിവിധ വകുപ്പുകൾ പ്രകാരം തടവുശിക്ഷയും പിഴയും വിചാരണക്കോടതി വിധിച്ചു. എന്നാൽ വിചാരണക്കോടതി വിധിക്കെതിരെ പത്മരാജൻ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി 2026 ഓഗസ്റ്റ് 21ന് ജീവപര്യന്തം തടവുശിക്ഷ മരവിപ്പിക്കുകയും ഉപാധികളോടെ ജാമ്യം അനുവദിക്കുകയും ചെയ്തു.

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷ മരവിപ്പിക്കുമ്പോൾ പാലിക്കേണ്ട നിയമപരമായ മാനദണ്ഡങ്ങൾ ഹൈക്കോടതി പരിഗണിച്ചില്ലെന്നാണ് അതിജീവിതയുടെ അമ്മയുടെ ഹർജിയിലെ പ്രധാന വാദം. ഹൈക്കോടതി വിധിയിൽ കേസിലെ എല്ലാ വശങ്ങളും പരിശോധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ബീരാൻ സുപ്രീംകോടതിയിൽ ഹാജരായി. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കൗൺസിൽ മർസൂഖ് ബാഫഖി തങ്ങളും അഭിഭാഷകരായ റിസ്‌വി മുഹമ്മദും വൈശാഖ് എസും ഹാജരായി.

Related Articles

Back to top button