ഹരിപ്പാട് സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദന സംഭവം… യുവതിയെ മർദ്ദിച്ച ഭർത്താവും മാതാപിതാക്കളും…

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ ഭർത്താവും ഭർതൃവീട്ടുകാരും ആക്രമിച്ച കേസിൽ അറസ്റ്റ്. ആലപ്പുഴ സ്വദേശിനി രഹ്നയെ ആക്രമിച്ച കേസിൽ ഭർത്താവ് നിധിൻ, മാതാപിതാക്കളായ മോഹനൻ, റീന എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
ഈ മാസം 23-നാണ് തൃക്കുന്നപ്പുഴയിലെ ഭർതൃഗൃഹത്തിൽ വെച്ച് ഇരുപത്തിയൊമ്പതുകാരിയായ രഹ്നയ്ക്ക് ക്രൂരമർദ്ദനമേറ്റത്. ഭർത്താവും അമ്മയും ചേർന്ന് രഹ്നയെ വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എന്നാൽ കാര്യമായ നടപടിയെടുക്കാൻ തൃക്കുന്നപ്പുഴ പൊലീസ് തയ്യാറായില്ലെന്നും, അഞ്ച് വയസ്സുള്ള കുഞ്ഞിനെ മർദ്ദിച്ചതിനുള്ള വകുപ്പ് ഒഴിവാക്കിയാണ് കേസെടുത്തതെന്നും രഹ്ന ആരോപിച്ചിരുന്നു. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനം വേണ്ടെന്ന് പറഞ്ഞാണ് വിവാഹം നടത്തിയതെങ്കിലും പിന്നീട് നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം തുടരുകയായിരുന്നെന്ന് രഹ്ന പറയുന്നു.
തുടർന്ന് രഹ്നയുടെ പരാതി നേരിട്ട് കേട്ട ആലപ്പുഴ എസ്.പി. വിഷ്ണു പ്രദീപ് ഇടപെട്ടതിന് ശേഷമാണ് തൃക്കുന്നപ്പുഴ പൊലീസിന്റെ നടപടികൾ വേഗത്തിലായത്. വഴക്കിനിടയിൽ കഫ് സിറപ്പ് അമിത അളവിൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രഹ്നയെ ആശുപത്രിയിൽ കൊണ്ടുപോകാൻ വേണ്ടി വലിച്ചിഴച്ചതാണെന്നാണ് ഭർത്താവ് നിധിൻ പൊലീസിനോട് വിശദീകരിച്ചത്. സ്ത്രീധന പീഡന നിരോധന നിയമ പ്രകാരമുള്ള കേസുകളിൽ പ്രാഥമിക അന്വേഷണത്തിന് ശേഷമേ അറസ്റ്റ് ഉണ്ടാകാറുള്ളൂവെന്നും, അതിനുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നുമാണ് തൃക്കുന്നപ്പുഴ പൊലീസ് ഇതിന് വിശദീകരണം നൽകിയത്.



