മുൻവിരോധത്തെ തുടർന്ന് വീട്ടിൽ നിന്ന് വിളിച്ചിറക്കി ആക്രമണം… നാല് പേർ…

മലപ്പുറം: മുൻവിരോധത്തെ തുടർന്ന് യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. മൂക്കുതല സ്വദേശികളായ ജിതിൻ (25), നിഹാൽ (18), മുഹമ്മദ് ഹാദിഫ് (19), രാഹുൽ (25) എന്നിവരെയാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 22ന് മൂക്കുതല കാവിൽപാടം കുളത്തിന് സമീപമാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. മൂക്കുതല സ്വദേശി വെന്നില വളപ്പിൽ അഫ്സലിനാണ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റത്.
മുൻവിരോധം തീർക്കുന്നതിനായി അഫ്സലിനെ വീട്ടിൽനിന്ന് വിളിച്ചുവരുത്തിയ ശേഷം അഞ്ചുപേരടങ്ങുന്ന സംഘം കാവിൽപാടം കുളത്തിന് സമീപത്തുവച്ച് മർദ്ദിച്ചെന്നാണ് പൊലീസിന് ലഭിച്ച പരാതി. പരിക്കേറ്റ അഫ്സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും ആക്രമണത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചും അന്വേഷണം തുടരുകയാണ്. കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ചങ്ങരംകുളം എസ്.ഐ ജിതിൻ വാസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിലെ മറ്റ് പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.



