തിരഞ്ഞെടുപ്പ് കമ്മീഷനിൽ വിശ്വാസമില്ല… ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന്…

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മീഷനിൽ തങ്ങൾക്കും ഇന്ത്യയിലെ ജനങ്ങൾക്കും വിശ്വാസമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. നിലവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ഇനി തിരഞ്ഞെടുപ്പ് നടത്തുമെന്ന് പറയുന്നത് തന്നെ ഒരു തട്ടിപ്പായിരിക്കുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഗ്യാനേഷ് കുമാർ അടിയന്തരമായി രാജിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്ന സമിതി പുനഃസംഘടിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസിനെ കൂടി സമിതിയിൽ ഉൾപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. ഇത്തരത്തിൽ സമിതിയുടെ ഘടനയിൽ മാറ്റം വരുത്തിയാൽ മാത്രമേ രാജ്യത്തെ പാർലമെന്ററി ജനാധിപത്യം കൂടുതൽ ശക്തമാകുകയും നിലനിൽക്കുകയും ചെയ്യുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യവുമായി പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ചെന്നിത്തലയുടെ പ്രതികരണം.



