മെസ്സി തട്ടിപ്പ്… ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജി…

കൊച്ചി: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ടിവി മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. നിലവിൽ അന്വേഷണം മാത്രമാണ് നടക്കുന്നതെന്നും ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്യാൻ ആലോചിച്ചിട്ടില്ലെന്നും പൊലീസ് കോടതിയെ അറിയിച്ചതോടെയാണ് ഹർജി തീർപ്പാക്കിയത്.
കഴിഞ്ഞ ദിവസം ഹർജിയിൽ കോടതി വിശദമായ വാദം കേട്ടിരുന്നു. കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) നോട്ടീസ് നൽകി ആന്റോ അഗസ്റ്റിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുമെന്നാണ് വിവരം. ആന്റോ അഗസ്റ്റിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ വസ്തുക്കളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പരിശോധനയ്ക്കായി അയച്ച ചില വസ്തുക്കളുടെ ഫോറൻസിക് പരിശോധനാഫലവും ലഭിക്കാനുണ്ട്. ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയായ ശേഷമായിരിക്കും ചോദ്യം ചെയ്യലിലേക്ക് കടക്കുകയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.



