തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവം…. അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രിയുടെ…

തൃശൂർ: കോടശ്ശേരി പഞ്ചായത്തിലെ ചായ്പൻകുഴി സർക്കാർ യുപി സ്കൂൾ കെട്ടിടം തകർന്നുവീണ സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകി. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണത്തിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സ്കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗം പൂർണമായി തകർന്നുവീണത്.
അവധി ദിവസമായിരുന്നതിനാൽ വിദ്യാർഥികളും അധ്യാപകരും സ്കൂളിൽ ഉണ്ടായിരുന്നില്ല. ഇതോടെ വൻ ദുരന്തമാണ് ഒഴിവായത്. സ്കൂളിനോട് ചേർന്ന് മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കാന നിർമിച്ചതാണ് കെട്ടിടം തകരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങളുമായി കെട്ടിടം തകർന്ന സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷണത്തിൽ പരിശോധിക്കും. കെട്ടിടത്തിന്റെ നിലവസ്ഥയും നിർമാണ പ്രവർത്തനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച ശേഷമാകും റിപ്പോർട്ട് നൽകുക.



