കായികമേളയിൽ കൈരളി വാർത്താസംഘത്തിന് മർദ്ദനം… അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്…

കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണപ്പന്തലിൽ കൈരളി ടി.വി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) കോഴിക്കോട് ജില്ലാ കമ്മിറ്റി. സംഘാടക സമിതി അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്ന അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി.കെ. സജിത് എന്നിവർ ആവശ്യപ്പെട്ടു.

തങ്ങൾക്ക് അനിഷ്ടകരമായ വാർത്ത നൽകിയതിന്റെ പേരിൽ സംഘാടകരുടെ മറവിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് യൂണിയന്റെ ആവശ്യം. കൈരളി ന്യൂസ് റിപ്പോർട്ടർ അമൽനാഥ് പിടിച്ചാലിനെ സംഘം ചേർന്ന് മർദിച്ചെന്നാണ് ആരോപണം. ഒപ്പമുണ്ടായിരുന്ന വനിതാ മാധ്യമപ്രവർത്തകരെയും കയ്യേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയുണ്ട്. മാധ്യമപ്രവർത്തകരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതായും യൂണിയൻ ചൂണ്ടിക്കാട്ടി. സർക്കാരിന്റെ നിയന്ത്രണത്തിൽ നടക്കുന്ന കായികമേളയുടെ വേദിയിൽ മാധ്യമപ്രവർത്തകർക്ക് നേരെ ആക്രമണമുണ്ടായത് ഗൗരവകരമാണെന്ന് ഭാരവാഹികൾ പറഞ്ഞു.

മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിതെന്ന് KUWJ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. കൈരളി വാർത്താസംഘത്തിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമാണെന്നും ഭാരവാഹികൾ ആരോപിച്ചു. അക്രമികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് ഇ.പി. മുഹമ്മദും സെക്രട്ടറി പി.കെ. സജിത്തും മുന്നറിയിപ്പ് നൽകി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

Related Articles

Back to top button