സ്കൂൾ പരിസരത്ത് 14കാരനെ ശല്യം ചെയ്ത 60കാരന്…

തൃശൂർ: പതിനാലുകാരനെ പഠിക്കുന്ന സ്കൂളിന്റെ പരിസരത്ത് ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യം ചെയ്ത കേസിൽ പ്രതിക്ക് രണ്ട് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ആർ. സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. വെങ്കിടങ്ങ് കരുവന്തല നാരായണപറമ്പത്ത് വീട്ടിൽ അനിൽകുമാറിനെയാണ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

2025 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. വാടാനപ്പിള്ളി പൊലീസ് സി.പി.ഒ. സൗമ്യയ്ക്ക് കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സബ് ഇൻസ്പെക്ടർ ജയകുമാർ സി.കെ. പ്രാഥമിക അന്വേഷണം നടത്തി. തുടർന്ന് സബ് ഇൻസ്പെക്ടർ വിനീത് വി. തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകളും മുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ അഡ്വ. സിജു മുട്ടത്തും അഡ്വ. നിഷ സി.യും ഹാജരായി. ലെയ്‌സൺ ഓഫീസർ എ.എസ്.ഐ. സിന്ധു എം.ആർ. കോടതിയിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പ്രതിക്കെതിരെ മറ്റൊരു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിന്റെ വിചാരണ ചാവക്കാട് പോക്സോ കോടതിയിൽ പൂർത്തിയായിട്ടുണ്ട്. മറ്റ് മൂന്ന് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസും കുന്നംകുളം കോടതിയിൽ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button