കായികമേളയിലെ ഭക്ഷണത്തിൽ പുഴുവെന്ന പ്രചാരണം… യുഡിഎഫ് സ്ഥാനാർഥിയായിരുന്ന അധ്യാപകൻ…

കൊച്ചി: സംസ്ഥാന സ്കൂൾ കായികമേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന പേരിൽ സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയെന്ന കേസിൽ അധ്യാപകൻ അറസ്റ്റിൽ. എറണാകുളം പെരുമ്പാവൂർ ക്രാരിയേലി പാറക്കൽ ജിജോ ജെയിംസ് (35) ആണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജിജോ ജെയിംസ് മത്സരിച്ചിരുന്നു.
കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ പ്രതിച്ഛായ തകർക്കാനും നടത്തിപ്പ് തടസ്സപ്പെടുത്താനും ബോധപൂർവമായ ശ്രമം നടന്നെന്ന പരാതിയിലാണ് പൊലീസ് നടപടി. കോഴിക്കോട് എൻഐടി മൈതാനത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയുടെ ഭക്ഷണവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് വിവാദം ആരംഭിച്ചത്. കായികതാരങ്ങൾക്കും മറ്റുള്ളവർക്കുമായി തയ്യാറാക്കിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്നായിരുന്നു ആരോപണം. ഭക്ഷണത്തിൽ പുഴുവുണ്ടെന്ന് അവകാശപ്പെട്ട് ജിജോ ജെയിംസ് ഫേസ്ബുക്ക് ലൈവിലൂടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതോടെ സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ചർച്ചയായി. ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ആശങ്കകളും പ്രതിഷേധങ്ങളും ഉയർന്നു. സംഭവത്തെ തുടർന്ന് ഭക്ഷണവിതരണ കേന്ദ്രത്തിൽ സംഘർഷാവസ്ഥ രൂപപ്പെട്ടതായും കായികമേളയുടെ സുഗമമായ നടത്തിപ്പിനെ ബാധിക്കുന്ന സാഹചര്യമുണ്ടായതായും പരാതിയിൽ പറയുന്നു.
ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയെന്ന ആരോപണം കായികമേളയുടെ സംഘാടകർ നിഷേധിച്ചു. പരാതിയിൽ നടത്തിയ പരിശോധനയിൽ ആരോപണത്തിന് അടിസ്ഥാനമില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഭക്ഷണത്തിൽനിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ച് തെറ്റിദ്ധാരണ പരത്താൻ ശ്രമിച്ചുവെന്നാണ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നത്. കായികമേളയുടെ സംഘാടകരും സംസ്ഥാന പൊതുവിദ്യാഭ്യാസ മന്ത്രിയും സംഭവത്തിന് പിന്നിൽ ആസൂത്രിതമായ ഇടപെടലുണ്ടെന്ന ആരോപണം ഉന്നയിച്ചിരുന്നു. സംഭവത്തിൽ തുടർ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്.




