കാർ എന്റെ പേരിലായതുകൊണ്ട് നരഹത്യാക്കുറ്റം നിലനിൽക്കില്ല… ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജി

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ തനിക്കെതിരെ നരഹത്യാക്കുറ്റം നിലനിൽക്കില്ലെന്ന് വാദിച്ച് പ്രതിയായ 17കാരന്റെ പിതാവായ അഡീഷണൽ ജഡ്ജി ഹൈക്കോടതിയിൽ. മുൻകൂർ ജാമ്യം തേടി സമർപ്പിച്ച ഹർജിയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. താൻ ഉറങ്ങിക്കിടക്കുമ്പോൾ മകൻ രഹസ്യമായി കാറെടുത്ത് പോയതാണെന്നും വാഹനം ഓടിക്കാൻ അനുമതി നൽകിയിരുന്നില്ലെന്നും ഹർജിയിൽ പറയുന്നു.
കാർ തന്റെ പേരിലാണെന്ന കാരണത്താൽ മാത്രം നരഹത്യാക്കുറ്റം ചുമത്താനാകില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിതാവ് എന്ന നിലയിലാണ് അപകടസ്ഥലത്തും പൊലീസ് സ്റ്റേഷനിലും എത്തിയതെന്നും ജുഡീഷ്യൽ ഓഫീസർ എന്ന നിലയിലല്ലെന്നും ഹർജിയിൽ വിശദീകരിച്ചിട്ടുണ്ട്. പൊലീസ് നടത്തിയ പരിശോധനയിൽ ഡിജിറ്റൽ ഉപകരണങ്ങളും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണവുമായി സഹകരിച്ചെന്നും ചോദ്യം ചെയ്യലിന് ഹാജരായെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഇനി അന്വേഷണം പൂർത്തിയാക്കാൻ കാര്യമായൊന്നും ബാക്കിയില്ലെന്നും അറസ്റ്റ് ആവശ്യമില്ലെന്നും വാദിക്കുന്നു. തനിക്കെതിരെ മുൻ ക്രിമിനൽ പശ്ചാത്തലമില്ലെന്നും പരമാവധി മൂന്ന് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നും ഹർജിയിൽ പറയുന്നു. അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സെഷൻസ് ജഡ്ജിയുടെ അനുമതിയില്ലാതെ പൊലീസ് സ്റ്റേഷനിലെത്തിയതിൽ ഹൈക്കോടതി വിശദീകരണം തേടിയിരുന്നുവെന്നും അതിന് മറുപടി നൽകിയെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.
ജില്ലാ ജഡ്ജിയുടെ അനുമതി ലഭിക്കാൻ സമയമില്ലാത്തതിനാലാണ് ഉടൻ സ്റ്റേഷനിലെത്തിയതെന്നാണ് വിശദീകരണം. പ്രായപൂർത്തിയാകാത്ത മകൻ രഹസ്യമായി വാഹനം കൊണ്ടുപോയ സംഭവത്തിൽ പിതാവിന് അറിവുണ്ടായിരുന്നുവെന്ന് അനുമാനിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ വാദിക്കുന്നു. അതേസമയം, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 12-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിച്ച 17കാരന്റെ ജാമ്യം റദ്ദാക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുണ്ട്. കുട്ടിയുടെ ക്ഷേമത്തിനാണ് മുൻഗണന നൽകേണ്ടതെന്നാണ് ഹർജിയിലെ വാദം. അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം അഡീഷണൽ ജഡ്ജിക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. തങ്ങളുടെ ഭാഗം കൂടി കേട്ടശേഷം തീരുമാനമെടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. മുൻകൂർ ജാമ്യാപേക്ഷയിലെ വാദങ്ങൾ കോടതിയുടെ പരിഗണനയിലാണ്.
