ഞങ്ങൾക്ക് നീതി കിട്ടിയില്ല… രക്ഷപ്പെടാനുള്ള എല്ലാ അടവും പയറ്റുന്നു… ജഡ്ജിക്കെതിരെ….

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17കാരന്റെ പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി നടപടിയിൽ പ്രതികരണവുമായി ജയ ബാലകൃഷ്ണന്റെ കുടുംബം. തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നും തങ്ങളുടെ ഭാഗം കേൾക്കപ്പെട്ടില്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടാനുള്ള എല്ലാ അടവുകളും ജഡ്ജി പയറ്റുകയാണെന്നും കുടുംബം ആരോപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയാണ് കുടുംബത്തിന്റെ പ്രതികരണം.
അഡീഷണൽ സെഷൻസ് ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി, അന്വേഷണവുമായി സഹകരിക്കണമെന്നും ഉച്ചയ്ക്ക് ഒന്നിന് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും നിർദേശിച്ചിരുന്നു. അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഇതിനകം നാല് മണിക്കൂർ ചോദ്യം ചെയ്തിട്ടുണ്ടെന്നും ജഡ്ജിക്കുവേണ്ടി കോടതിയിൽ വാദമുയർന്നു. ഇതിന് പിന്നാലെ, ഹർജിക്കാരൻ ജുഡീഷ്യൽ ഓഫീസറല്ലേയെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിൽ പിന്നെന്തിനാണ് അറസ്റ്റ് ചെയ്യുന്നതെന്നും കോടതി അന്വേഷണസംഘത്തോട് ചോദിച്ചു.
മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ പൊതുബോധത്തിന് കീഴ്പ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ വിശദമായ വാദം പിന്നീട് നടക്കും. 17കാരൻ ഓടിച്ച കാർ അപകടത്തിൽപ്പെട്ടതുമായി ബന്ധപ്പെട്ട കേസിലാണ് പിതാവായ അഡീഷണൽ സെഷൻസ് ജഡ്ജിയെ പൊലീസ് പ്രതിചേർത്തത്. കേസിൽ മുൻകൂർ ജാമ്യം തേടിയുള്ള ഹർജിയിലാണ് ഹൈക്കോടതി ഇടക്കാല ആശ്വാസം നൽകിയത്. അറസ്റ്റ് തടഞ്ഞതിനെതിരെ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്.



