മാവേലി സ്റ്റോറിൽ അരി തീർന്നു…. ആലപ്പുഴ ദുരിതാശ്വാസ ക്യാമ്പുകളിൽ…

ആലപ്പുഴ: മഴക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷ്യവിതരണവുമായി ബന്ധപ്പെട്ട് പ്രതിസന്ധി രൂക്ഷമാകുന്നു. ആലപ്പുഴ തലവടിയിലെ മാവേലി സ്റ്റോറിൽ അരി തീർന്നതോടെ പുതിയ സ്റ്റോക്കിനായി ആളുകൾ രാവിലെ മുതൽ കാത്തിരിക്കുകയാണ്. ക്യാമ്പുകളിലെത്താൻ കഴിയാത്തവർക്ക് ഭക്ഷണം നൽകുന്ന കഞ്ഞിവീഴ്ത്തൽ കേന്ദ്രങ്ങളെയും ഇത് ബാധിച്ചു.
അതേസമയം, ചങ്ങനാശ്ശേരി ടൗൺ എൽ.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം വൈകിയെന്നാരോപിച്ച് പ്രതിഷേധം ഉയർന്നു. പൂവം പ്രദേശത്ത് നിന്ന് ക്യാമ്പിലെത്തിയവർക്ക് ഉച്ചയ്ക്ക് 2.30 കഴിഞ്ഞിട്ടും ഭക്ഷണം ലഭിച്ചില്ലെന്ന ആരോപണവുമായി പൊതുപ്രവർത്തകരും പ്രാദേശിക നേതാക്കളും രംഗത്തെത്തി. നഗരസഭയുടെ അനാസ്ഥ മൂലം അവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തുന്നില്ലെന്നും പ്രതിഷേധത്തെ രാഷ്ട്രീയപ്രേരിതമെന്ന് ചിത്രീകരിക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ ആരോപണങ്ങൾ തള്ളി എം.എൽ.എ വിനു ജോബും നഗരസഭ ചെയർമാൻ ജോമി ജോസഫും. പ്രതിഷേധിച്ചവർ ക്യാമ്പിലെ അന്തേവാസികളല്ലെന്നും, സമീപത്തെ മറ്റൊരു ക്യാമ്പിൽ നിന്ന് ഉച്ചയ്ക്ക് 1.30ഓടെ ഭക്ഷണം എത്തിച്ചിരുന്നുവെന്നും അവർ വ്യക്തമാക്കി.




