തെരുവുനായ ഭീതി; മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസുകാരിക്കും 49കാരനും..

വെങ്ങാട് ഇല്ലിക്കോട് മേഖലയിൽ തെരുവുനായയുടെ ആക്രമണം തുടർച്ചയായതോടെ പ്രദേശവാസികൾ ഭീതിയിൽ. മണിക്കൂറുകളുടെ ഇടവേളയിൽ അഞ്ചുവയസുകാരിയുൾപ്പെടെ രണ്ടുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. സ്‌കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിന്നിരുന്ന കുട്ടിയെയും പിന്നീട് വീട്ടുമുറ്റത്ത് വാഹനം കഴുകുകയായിരുന്ന 49-കാരനെയുമാണ് നായ ആക്രമിച്ചത്.
ഇല്ലിക്കോട് പന്തായിൽ ശാനിലിൻറെ മകൾ അഞ്ചുവയസുകാരി ഹനന്യയ്ക്കാണ് ആദ്യം കടിയേറ്റത്. വെങ്ങാട് ടിആർകെ യുപി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയായ ഹനന്യ ബുധനാഴ്ച രാവിലെ 9:30ഓടെ സ്‌കൂളിലേക്ക് പോകുന്നതിനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് നായ ആക്രമിച്ചത്. ആക്രമണത്തിൽ ഇടതുകൈയിലെ വിരലിന് ആഴത്തിലുള്ള മുറിവേറ്റു. ഉടൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച കുട്ടിയെ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതേ നായ ഉച്ചയ്ക്ക് 2:40-ഓടെ ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്‌മണ്യനെയും (ബാബു49) ആക്രമിച്ചു. വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ എത്തിയ നായ ഇടതുകൈയിൽ കടിക്കുകയായിരുന്നു. നാല് മുറിവുകളേറ്റ ബാലസുബ്രഹ്‌മണ്യൻ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഒരേ ദിവസം പ്രദേശത്ത് രണ്ടുപേരെ ആക്രമിച്ചതോടെ തെരുവുനായ ശല്യത്തിനെതിരെ നാട്ടുകാർക്കിടയിൽ ആശങ്ക ശക്തമായി. കുട്ടികൾളും പ്രായമായവരും കാൽനടയാത്രക്കാരുമൊക്കെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണെന്ന് പ്രദേശവാസികൾ പറഞ്ഞു. വീടുകളുടെ പരിസരത്തും റോഡരികിലും തെരുവുനായകൾ കൂട്ടത്തോടെ എത്തുന്നത് പതിവായതായും നാട്ടുകാർ ആരോപിച്ചു. ആക്രമണകാരിയായ നായയെ കണ്ടെത്തി പിടികൂടുന്നതിനും പ്രദേശത്തെ തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



