ഉറങ്ങിക്കിടന്ന ഭാര്യയുടെ ദേഹത്ത് ടിന്നർ ഒഴിച്ച് തീകൊളുത്തി; രക്ഷിക്കാൻ ശ്രമിച്ച മകനും..

കുടുംബവഴക്കിന്റെ പേരിൽ ഉറങ്ങിക്കിടന്ന ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുണ്ടറ ചന്ദനത്തോപ്പ് പെരിനാട് മുകളുവിളയിൽ അൽഫിയ മൻസിലിൽ നൗഷാദ് (47) ആണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. ഭാര്യയുടെ ശരീരത്തിൽ ടിന്നർ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ഷൊർണൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
കഴിഞ്ഞ മാസം 29ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ഭാര്യയോട് മുൻവൈരാഗ്യം പുലർത്തിയിരുന്ന നൗഷാദ് ഉറങ്ങിക്കിടക്കുകയായിരുന്ന അവരുടെ ശരീരത്തിലേക്ക് ടിന്നർ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. തീപിടിച്ചതോടെ നിലവിളിച്ചുകൊണ്ട് ഭാര്യ വീട്ടിനുള്ളിലൂടെ ഓടി. ശബ്ദം കേട്ട് ഉണർന്ന മകൻ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മകനും പൊള്ളലേറ്റു.
തീപിടിത്തത്തിൽ അടുക്കള ഭാഗമൊഴികെയുള്ള മുറികളിലെ ഫർണിച്ചറുകളും മറ്റു സാധനങ്ങളും കത്തിനശിച്ചു. രണ്ടര ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടം വീട്ടിലുണ്ടായതായാണ് കണക്ക്. സംഭവത്തിനു പിന്നാലെ നൗഷാദ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഷൊർണൂരിൽ നിന്ന് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.



