ഷാഫി ഏത് ഗ്രൂപ്പാണെന്ന് എല്ലാവർക്കുമറിയാം… ഉണ്ണിത്താനെതിരെ എ ഗ്രൂപ്പ് യുവനേതാക്കളുടെ…

തിരുവനന്തപുരം: കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് വീണ്ടും പരസ്യവേദിയിലേക്ക്. കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താനെതിരെ കടുത്ത വിമർശനവും പരിഹാസവുമായി എ ഗ്രൂപ്പിലെ യുവനേതാക്കൾ രംഗത്തെത്തി. ഷാഫി പറമ്പിലിനെക്കുറിച്ച് ഉണ്ണിത്താൻ നടത്തിയ പരാമർശമാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. ‘ഷാഫി ഏത് ഗ്രൂപ്പാണെന്ന് കേരളത്തിൽ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം’ എന്നായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ പരിഹാസം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ നേരിട്ട് കണ്ട് എ ഗ്രൂപ്പ് നേതാക്കളായ കെ.സി. ജോസഫ്, ബെന്നി ബെഹന്നാൻ, ഷാഫി പറമ്പിൽ എന്നിവർ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ഉണ്ണിത്താന്റെ പ്രതികരണം.
സംസ്ഥാനത്തെ ബോർഡ്, കോർപ്പറേഷൻ നിയമനങ്ങളിലും മറ്റ് പ്രധാന രാഷ്ട്രീയ നിയമനങ്ങളിലും എ ഗ്രൂപ്പിന് അർഹമായ പ്രാതിനിധ്യവും പങ്കാളിത്തവും ലഭിക്കുന്നില്ലെന്നായിരുന്നു നേതാക്കളുടെ പരാതി. ഇതിന് പിന്നാലെ കെഎസ്‌യു, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ എ ഗ്രൂപ്പ് യുവനേതാക്കൾ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ണിത്താനെതിരെ രംഗത്തെത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലടക്കം കോൺഗ്രസ് സ്ഥാനാർഥികൾക്കായി സംസ്ഥാനത്തുടനീളം പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയ നേതാവാണ് ഷാഫി പറമ്പിലെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഷാഫി പറമ്പിൽ എത്തുന്ന ഇടങ്ങളിലെല്ലാം ജനങ്ങൾ സ്നേഹത്തോടെ സ്വീകരിക്കുമ്പോൾ രാജ്‌മോഹൻ ഉണ്ണിത്താൻ എത്തുന്ന പല സ്ഥലങ്ങളിലും ചീമുട്ടയേറാണ് ലഭിച്ചിട്ടുള്ളതെന്ന പരിഹാസവും യുവനേതാക്കൾ ഉയർത്തി. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ണിത്താൻ പാർട്ടിക്കുവേണ്ടി എന്താണ് ചെയ്തതെന്ന ചോദ്യവും ഇവർ ഉന്നയിക്കുന്നുണ്ട്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഒരു വേദിയിൽ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് കുടപിടിച്ചുനിൽക്കുന്ന ഷാഫി പറമ്പിലിന്റെ ചിത്രം പങ്കുവെച്ചാണ് ചില നേതാക്കൾ പ്രതിഷേധം അറിയിച്ചത്. തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ നേമം ഷജീർ രാജ്‌മോഹൻ ഉണ്ണിത്താനെ ‘സ്മോൾ ബോയ്’ എന്ന് വിശേഷിപ്പിച്ചും പരിഹസിച്ചു. ഉണ്ണിത്താന്റെ മകൻ ബിജെപിയിലെ ഏത് ഗ്രൂപ്പിലാണ് പ്രവർത്തിക്കുന്നതെന്ന ചോദ്യവും നേമം ഷജീർ ഉൾപ്പെടെയുള്ള നേതാക്കൾ ഉയർത്തി. നേതാക്കൾ തമ്മിലുള്ള പരസ്യവിമർശനങ്ങൾ കടുക്കുന്നതോടെ കോൺഗ്രസിലെ ഗ്രൂപ്പ് പോര് വരും ദിവസങ്ങളിൽ കൂടുതൽ രൂക്ഷമാകുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.



