‘ 37 വെട്ടുകൾ, ഇറച്ചിക്കടയിൽ പോലും ഇത്ര ക്രൂരമായി വെട്ടില്ല, കുഞ്ഞിന്റെ മുറിയിലേക്ക് രക്തം തെറിച്ചു’..

ധനരാജിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് തളിപ്പറമ്പ് സെഷൻസ് കോടതി. ഭാര്യയുടെയും അമ്മയുടെയും പത്ത് വയസ്സുള്ള കുട്ടിയുടെയും മുന്നിൽ വെച്ചാണ് കൊലപാതകം നടന്നതെന്നും, ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന സ്വന്തം വീട്ടിൽ വെച്ച് 37 വെട്ടുകൾ വെട്ടി കൊലപ്പെടുത്തിയത് അതിക്രൂരമാണെന്നും കോടതി നിരീക്ഷിച്ചു. മൂന്ന് വയസ്സുള്ള കുഞ്ഞ് ഉറങ്ങുന്ന മുറിയുടെ ചുമരിൽ പോലും രക്തം തെറിച്ചു. ഇറച്ചി വെട്ടുന്ന കടയിൽ പോലും വെട്ടാത്ത നിലയിലാണ് വെട്ടിയതെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കേസ് എന്നൊരു കേസില്ലെന്ന് വ്യക്തമാക്കിയ ജഡ്ജി പ്രശാന്ത്, ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കേണ്ടതില്ലെന്നും പ്രതിഭാഗം അഭിഭാഷകനോട് പറഞ്ഞു. വിചാരണയ്ക്കിടെ ജഡ്ജിയും പ്രതിഭാഗം അഭിഭാഷകനും തമ്മിൽ വാക്കുതർക്കവും നടന്നു. മൂന്നാം പ്രതിക്കെതിരെ നിരവധി കേസുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.



