കോടതി സമൻസിൽ ഹാജരായില്ല… യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ…

.

ഡൽഹി: യൂട്യൂബർ ധ്രുവ് റാഠിക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് ഡൽഹി കോടതി. 2018ലെ അപകീർത്തിക്കേസിലാണ് കോടതിയുടെ നടപടി. കോടതി സമൻസ് ലഭിച്ചിട്ടും ഹാജരാകാത്തതിനെ തുടർന്നാണ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനം റൈസ് ഖാൻ വാറണ്ട് പുറപ്പെടുവിച്ചത്. കേസ് ഡിസംബർ മൂന്നിന് വീണ്ടും പരിഗണിക്കും. ധ്രുവ് റാഠിയുടെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത വീഡിയോയുമായി ബന്ധപ്പെട്ട് വികാസ് സൻകൃത്യായൻ നൽകിയ പരാതിയിലാണ് നടപടി. ബിജെപി ഐടി സെല്ലിനെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ട വീഡിയോയാണ് കേസിന് ആധാരം.

നേരത്തെ ഒക്ടോബർ 31നും റാഠിക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ നോട്ടീസ് നൽകാനെത്തിയ ഉദ്യോഗസ്ഥൻ റാഠിയുടെ വീട്ടിൽ ആളില്ലെന്നും വീട് പൂട്ടിയിട്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചെയ്തു. ഇതേത്തുടർന്ന് ഹരിയാനയിലെ ഗുരുഗ്രാമിലുള്ള വിലാസത്തിലേക്ക് കോടതി വീണ്ടും സമൻസ് അയക്കുകയായിരുന്നു. റാഠി സാധാരണയായി ഓസ്ട്രിയയിലാണ് താമസിക്കുന്നതെന്നും ഡൽഹിയിൽ നടന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനാണ് ഇന്ത്യയിലെത്തിയതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. 2018ൽ തന്റെ യൂട്യൂബ് ചാനലിലൂടെ അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയാണ് നിലവിൽ കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

Back to top button