തൃശൂർ തളിക്കുളത്ത് ഓയിൽ മില്ലിൽ വൻ തീപിടിത്തം

തളിക്കുളത്ത് ദേശീയപാതയുടെ സമീപത്ത് ഓയിൽ ആൻഡ് ഫ്‌ളൌർ മില്ലിൽ തീ പിടിത്തം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്ത് വച്ചിരുന്ന വിവിധ മസാലപ്പൊടികൾ എന്നിവയും മെഷിനറികളും കത്തിനശിച്ചു. തീപിടിത്തത്തിൽ 25 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഇടശേരിക്കും പത്താം കല്ലിനും മധ്യേ പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ വീടിനു സമീപത്തെ മില്ലിലാണ് നാശനഷ്ടം. അടഞ്ഞുകിടക്കുന്ന സ്ഥാപനത്തിൽ നിന്നും തീ ഉയരുന്നതു ഉടമയാണ് ആദ്യം കണ്ടത്. ഉടനെ തന്നെ അയൽവാസികളെ വിളിച്ചു കൂട്ടി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതി ഇല്ലാതിരുന്നതിനാൽ മോട്ടോർ പമ്പ് ചെയ്യാനായില്ല.

തുടർന്ന് ടാപ്പിൽ നിന്ന് ചെറിയ ഹോസ് ഉപയോഗിച്ച് വെള്ളം ഒഴിച്ച് തീ കെടുത്താൻ നോക്കിയെങ്കിലും അപ്പോഴേക്കും ആളിപ്പടരുകയായിരുന്നു. സ്ഥാപനത്തിന്റെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചതും സ്ഥിതി വഷളാക്കി. തുടർന്ന് നാട്ടികയിൽ നിന്നും അഗ്‌നിരക്ഷാസേനയുടെ രണ്ട് യൂണിറ്റ് എൻജിൻ എത്തി വെള്ളം പമ്പ് ചെയ്ത് രാവിലെ എട്ടേകാലോടെ തീ പൂർണമായും അണച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്ന് കരുതുന്നു. മില്ലിലെ വെളിച്ചെണ്ണയിലേയ്ക്ക് തീ പടർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. നാട്ടിക ഫയർ സ്‌റ്റേഷനിലെ എസ്. എഫ്. ആർ. ഒ കൃഷ്ണരാജ്, എഫ്. ആർ. ഒ മാരായ വിഷ്ണുദാസ്, കൃഷ്ണപ്രസാദ്, ബൈജൂ, ഡ്രൈവർമാരായ അരുൺ, അജോ, ഹോം ഗാർഡുമാരായ സുനിൽ, ശ്രീകുമാർ എന്നിവർ തീ അണയ്ക്കാൻ നേതൃത്വം നൽകി.

Related Articles

Back to top button