മെസി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി നാളെ

കൊച്ചി: ലിയോണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കബളിപ്പിച്ചെന്ന കേസിൽ, ഒന്നാം പ്രതിയും റിപ്പോർട്ടർ ടി.വി. മാനേജിങ് എഡിറ്ററുമായ ആന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. നിലവിൽ ചോദ്യം ചെയ്യൽ മാത്രമാണ് ലക്ഷ്യമെന്നും ഇപ്പോൾ അറസ്റ്റ് ആലോചിച്ചിട്ടില്ലെന്നും പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
റെയ്ഡിന് പിന്നാലെ ആന്റോയെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം (SIT) തയ്യാറെടുക്കുന്നതിനിടയിലാണ് അദ്ദേഹം മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. അതിനിടെ, പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത വിദേശ കറൻസി തിരികെ വേണമെന്ന ആവശ്യപ്പെട്ടും ആന്റോ അഗസ്റ്റിൻ കോടതിയെ സമീപിച്ചിട്ടുണ്ട്. റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയിൽ നടത്തിയ എസ്.ഐ.ടി പരിശോധനയിലാണ് വ്യക്തിക്ക് കൈവശം വയ്ക്കാവുന്നതിലും അധികമായ 6300 ഡോളർ പിടികൂടിയത്. ഈ തുക അന്വേഷണ സംഘം പിന്നീട് കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാല്‍ പിടിച്ചെടുത്ത ഡോളർ തിരികെ നല്‍കണമെന്നാണ് ആന്റോയുടെ ആവശ്യം. ഡോളറിന്റെ സ്രോതസ്സ് അന്വേഷിച്ചു വരികയാണെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ.ഡിക്കും ആദായ നികുതി വകുപ്പിനും കൈമാറിയിട്ടുണ്ടെന്നുമാണ് പൊലീസിന്റെ നിലപാട്.



