സ്വകാര്യ ബസുകൾക്ക് വൻ ആശ്വാസം… ട്രെയിലർ വാഹനങ്ങൾക്കും ഇളവ്… ബജറ്റിൽ ഗതാഗത മേഖലയ്ക്ക് വൻ ഉണർവ്

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുഗതാഗത മേഖലയെ സംരക്ഷിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി ബജറ്റിൽ വൻ നികുതി ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. ഡീസൽ വില വർധനവും പ്രിയദർശനി സൗജന്യ യാത്രയും മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സ്വകാര്യ ബസ് മേഖലയ്ക്ക് വലിയ ആശ്വാസം പകരുന്നതാണ് പുതിയ പ്രഖ്യാപനങ്ങൾ. സംസ്ഥാനത്തെ സ്റ്റേജ് ക്യാരേജ് പ്രൈവറ്റ് ബസുകളുടെ ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മൂലം സർവീസ് നിർത്തലാക്കേണ്ടി വരുന്ന സാഹചര്യത്തിൽ നിന്നും സ്വകാര്യ ബസ് മേഖലയെ കൈപിടിച്ചുയർത്താൻ ഈ ഇളവിലൂടെ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
കേരളത്തിലേക്ക് രജിസ്ട്രേഷനായി കൂടുതൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസുകളെ ആകർഷിക്കുന്നതിനും, അന്തർ സംസ്ഥാന യാത്രാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമായി ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ബസുകളുടെ ത്രൈമാസ നികുതിയും കുത്തനെ കുറച്ചു. പുതുക്കിയ നിരക്കുകൾ സാധാരണ സീറ്റുകൾ നിലവിലെ നികുതിയായ സീറ്റൊന്നിന് 2,000 രൂപ എന്നത് 900 രൂപയായി കുറച്ചു. സ്ലീപ്പർ ബർത്തുകൾ നിലവിലെ 3,000 രൂപ എന്നത് 1,500 രൂപയായി പകുതിയാക്കി കുറച്ചു. സ്റ്റേജ് ക്യാരേജ്, ടൂറിസ്റ്റ് ബസുകൾക്ക് പുറമെ ചരക്കുഗതാഗത മേഖലയ്ക്കും ബജറ്റിൽ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ട്രെയിലർ വാഹനങ്ങളുടെ നികുതി നിരക്കിലും കാര്യമായ ഇളവുകളും മാറ്റങ്ങളും വരുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി.




