ടെലിഗ്രാമിന് കനത്ത തിരിച്ചടി… താൽക്കാലിക നിരോധനം നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ഇന്ത്യയിൽ ഏർപ്പെടുത്തിയ താൽക്കാലിക നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മെസ്സേജിങ് ആപ്പായ ടെലിഗ്രാം നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിരോധനം കൃത്യമായ എല്ലാ നിയമനടപടിക്രമങ്ങളും പാലിച്ചുകൊണ്ടുള്ളതാണെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് തേജസ് കരിയയുടെ ബെഞ്ചാണ് കേസിൽ നിർണ്ണായക വിധി പ്രസ്താവിച്ചത്. ഐടി ആക്ട് സെക്ഷൻ 69A പ്രകാരമുള്ള എല്ലാ നടപടിക്രമങ്ങളും പാലിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ടെലിഗ്രാമിന് താൽക്കാലിക നിരോധനം ഏർപ്പെടുത്തിയത് എന്ന് കോടതി നിരീക്ഷിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അടിയന്തര സ്വഭാവം കണക്കിലെടുക്കുമ്പോൾ കേന്ദ്ര സർക്കാർ ഉന്നയിച്ച കാരണങ്ങൾ നിരോധനത്തിന് പര്യാപ്തമാണെന്നും ഹർജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി. സർക്കാരിന്റെ ഈ നടപടികൾ പൗരന്മാരുടെ അവകാശങ്ങളിലുള്ള ഏറ്റവും ചെറിയ നിയന്ത്രണങ്ങൾ മാത്രമാണെന്നും കോടതി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ ടെലിഗ്രാമിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് കേന്ദ്രസർക്കാർ കോടതിയിൽ ഉന്നയിച്ചത്. തീവ്രവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നടത്തുന്നതിനും ഏറ്റവും സൗകര്യപ്രദമായ പ്ലാറ്റ്ഫോമായി ടെലിഗ്രാം മാറിയിരിക്കുകയാണെന്നും, ഒരു തരത്തിൽ പറഞ്ഞാൽ ഇതൊരു ‘മറ്റൊരു ഡാർക്ക് വെബ്ബ്’ ആണെന്നുമായിരുന്നു കേന്ദ്രത്തിന്റെ പ്രധാന വാദം. വാദത്തിനിടയിൽ, “ഒരാളെ സംരക്ഷിക്കുന്നതിന് വേണ്ടി മറ്റൊരാളുടെ അവകാശം തടയാൻ ആകുമോ” എന്ന പ്രസക്തമായ ചോദ്യവും കോടതി കേന്ദ്രത്തോട് ഉന്നയിച്ചിരുന്നു. ഒടുവിൽ ടെലിഗ്രാമിന്റെയും കേന്ദ്രസർക്കാരിന്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കേന്ദ്ര നടപടിയെ പൂർണ്ണമായും ശരിവെച്ചുകൊണ്ട് ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയത്.



