പ്രിയദർശിനി സൗജന്യയാത്രയ്ക്ക് തുടക്കത്തിലേ പാര….. മാവേലിക്കരയിൽ കെഎസ്ആർടിസി ഓർഡിനറി ബസുകൾ കട്ടപ്പുറത്ത്

മാവേലിക്കര: കെഎസ്ആർടിസിയുടെ പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആനുകൂല്യം തേടി മാവേലിക്കര ഡിപ്പോയിലെത്തിയ സ്ത്രീകൾക്ക് രണ്ടാം ദിനം നിരാശ. ചൊവ്വാഴ്ച ബസ് കാത്തുനിന്ന സ്ത്രീകളിൽ പകുതിയോളം പേർക്കും മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വകാര്യ ബസുകളെ ആശ്രയിക്കേണ്ടി വന്നു. ഡിപ്പോയിലുള്ള 17 ഓർഡിനറി ബസുകളിൽ 8 എണ്ണവും ചൊവ്വാഴ്ച സർവീസ് നടത്തിയില്ല. താത്കാലിക ഡ്രൈവർമാർ ഡ്യൂട്ടിക്ക് എത്താതിരുന്നതാണ് സർവീസുകൾ മുടങ്ങാൻ കാരണം. എന്നാൽ, പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ യൂണിയനുകളിൽപ്പെട്ട ഡ്രൈവർമാർ ബോധപൂർവ്വം പാരവെച്ചതാണെന്ന ആരോപണവും ഉയരുന്നുണ്ട്.
തിരുവല്ല-കായംകുളം, പത്തനംതിട്ട-ആലപ്പുഴ ചെയിൻ സർവീസുകൾക്കായി ഉപയോഗിക്കുന്ന നാലുവീതം ബസുകളുടെ ഷെഡ്യൂളുകളാണ് ചൊവ്വാഴ്ച പൂർണ്ണമായും മുടങ്ങിയത്. ഇതോടെ ഈ റൂട്ടുകളിൽ മാത്രം അൻപതോളം ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നു. സാധാരണയായി അരമണിക്കൂർ ഇടവേളകളിൽ സർവീസുള്ള റൂട്ടുകളിൽ ഒരു മണിക്കൂറിലധികം കാത്തുനിന്നിട്ടും ബസ് ലഭിച്ചില്ലെന്ന് യാത്രക്കാരായ സ്ത്രീകൾ പരാതിപ്പെട്ടു. സൗജന്യയാത്രയുടെ ആദ്യദിനമായ തിങ്കളാഴ്ച മാവേലിക്കര ഡിപ്പോയിൽ സ്ത്രീയാത്രക്കാരുടെ എണ്ണം റെക്കോർഡായിരുന്നു. അയ്യായിരത്തിലധികം സ്ത്രീകളാണ് ആലപ്പുഴ, പത്തനംതിട്ട, കായംകുളം, തിരുവല്ല ഭാഗങ്ങളിലേക്ക് ആദ്യദിനം യാത്ര ചെയ്തത്. ഇതിനു പിന്നാലെയാണ് രണ്ടാം ദിവസം പകുതിയോളം സർവീസുകൾ താളംതെറ്റിയത്.
മാവേലിക്കര ഡിപ്പോയിലെ കടുത്ത ജീവനക്കാരുടെ ക്ഷാമമാണ് പ്രതിസന്ധിക്ക് പിന്നിലെന്നാണ് ഔദ്യോഗിക വിശദീകരണം. ഡിപ്പോയിൽ ആകെയുള്ള 65 ഡ്രൈവർമാരിൽ 30 പേർ മാത്രമാണ് സ്ഥിരം ജീവനക്കാർ. ബാക്കി 35 പേരും താത്കാലികക്കാരാണ്. ഇവർക്ക് മാസങ്ങളായി കൃത്യമായി ശമ്പളം ലഭിച്ചിരുന്നില്ലെന്നും നിലവിൽ രണ്ടുമാസത്തെ ശമ്പള കുടിശ്ശികയുണ്ടെന്നും ജീവനക്കാർ പറയുന്നു. അതേസമയം, പ്രതിസന്ധി പരിഹരിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 12 താത്കാലിക ഡ്രൈവർമാരെ പുതുതായി ഡിപ്പോയിലേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരെ ഉൾപ്പെടുത്തി അടുത്ത ദിവസം മുതൽ സർവീസുകൾ പൂർണ്ണതോതിൽ പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.




