‘അന്ന് 4 വിസിമാർ ആർഎസ്എസ് പരിപാടിക്ക് പോയപ്പോൾ മിണ്ടാതിരുന്നവരാണ് ഇന്ന് സംസാരിക്കുന്നത്’… പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ സർക്കാർ അധികാരത്തിലേറി ഒരു മാസം തികയും മുൻപേ പ്രതിപക്ഷം വ്യാപകമായ കള്ളപ്രചാരണങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിലും വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് കേസിലും പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തതിനെ താൻ ശക്തമായി വിമർശിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

“സംഘപരിവാറിന്റെ പരിപാടിയിൽ വിസിമാർ പങ്കെടുത്തത് തെറ്റാണെന്നും അത് അവരുടെ പദവിക്ക് ചേർന്നതല്ലെന്നും ഞാൻ വ്യക്തമാക്കിയിരുന്നു. എന്നാൽ വിമർശനം മാത്രം പോരെന്നാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനം നടത്തി പറയുന്നത്. ഈ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് കേരളത്തിലെ നാല് വൈസ് ചാൻസലർമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത്. അന്ന് അത് തെറ്റാണെന്ന് പറയാൻ പോലും ഇവർ തയ്യാറായില്ല. എന്ന് മാത്രമല്ല, ഒരു പരിപാടിയിൽ വിസിമാർ പോകുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ് അന്നത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി അതിനെ ന്യായീകരിക്കുകയും ചെയ്തു. അതിലൊരു വിസി സിപിഐഎം സംഘടനയുടെ നേതാവായിരുന്നയാളാണ്. ഇതൊന്നും ഇത്ര പെട്ടെന്ന് ആരും മറന്നുപോകരുത്,” വി.ഡി. സതീശൻ ഓർമ്മിപ്പിച്ചു.

വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിലും സിപിഐഎമ്മിന്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ വ്യാജ സ്ക്രീൻഷോട്ട് നിർമ്മിച്ച്, അത് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഷാഫി പറമ്പിലിന്റെ തലയിൽ കെട്ടിവെച്ച് തോൽപ്പിക്കാനാണ് അവർ ശ്രമിച്ചത്. ഞങ്ങളല്ല അത് ചെയ്തതെന്ന് അന്ന് തന്നെ വ്യക്തമാക്കിയതാണ്. ഒരു യുവാവിനെതിരെ പരാതി ഉയർന്നപ്പോൾ അവൻ സ്വന്തം ഫോണുമായി ചെന്ന് പൊലീസിന് കൈമാറി. ഈ കേസിൽ ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ട്. സംഘപരിവാർ ചെയ്യുന്ന അതേ വർഗീയ അജണ്ടയാണ് വടകരയിൽ സിപിഐഎമ്മും നടപ്പാക്കിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Related Articles

Back to top button