‘പാഠ്യപദ്ധതിയിൽ കേന്ദ്രം ഇടപെടരുത്, സ്കൂൾ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന് വേണം’…. പിഎം ശ്രീയിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: വിവാദമായ കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ (PM-SHRI) പദ്ധതിയെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. മുൻ എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് കേരളം ഇപ്പോൾ പദ്ധതിയിൽ പങ്കാളിയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കിയതോടെയാണ് തർക്കം പുതിയ തലത്തിലെത്തിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് 99 കോടിയിലധികം രൂപ ഇതിനകം വാങ്ങിയിട്ടുണ്ടെന്നും, തടഞ്ഞുവെച്ച പണത്തിന് പുറമെ 106 കോടി രൂപ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയിൽ തുടരാൻ നിലവിൽ സംസ്ഥാന സർക്കാർ നിർബന്ധിതരായ സാഹചര്യമാണുള്ളത്. എന്നാൽ ആശയപരമായി പദ്ധതിയോടുള്ള വിയോജിപ്പുകൾ മുഖ്യമന്ത്രി ആവർത്തിച്ചു. “പാഠ്യപദ്ധതിയിൽ കേന്ദ്ര സർക്കാർ ഒരു കാരണവശാലും ഇടപെടരുത്. പദ്ധതി നടപ്പാക്കേണ്ട സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള അവകാശം സംസ്ഥാന സർക്കാരിന് നൽകണം. ഇതിൽ വിട്ടുവീഴ്ചയുണ്ടാകില്ല,” മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ തുടർനടപടികൾ നിലവിൽ രൂപീകരിച്ച നാലംഗ മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന് ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മന്ത്രിമാരായ എൻ. ഷംസുദീൻ, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് ഈ ഉപസമിതിയിലുള്ളത്.

അതേസമയം, പിഎം ശ്രീ ഫണ്ട് വാങ്ങിയെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന കാര്യം വിദ്യാഭ്യാസ സെക്രട്ടറി വഴി കേന്ദ്ര സർക്കാരിനെ കൃത്യമായി അറിയിച്ചിരുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീ വിഷയത്തിൽ എൽഡിഎഫ് സർക്കാർ കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ല. പദ്ധതിയെക്കുറിച്ച് പഠിക്കാൻ അന്ന് രൂപീകരിച്ച സബ് കമ്മിറ്റി പിന്നീട് യോഗം ചേർന്നിരുന്നില്ലെന്നും ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Back to top button