കേന്ദ്രത്തിന് തിരിച്ചടി നൽകാൻ ടെലിഗ്രാം…. പ്ലേ സ്റ്റോറിൽ നിന്നുള്ള വിലക്കിനെതിരെ ഡൽഹി ഹൈക്കോടതിയിൽ

നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്കും ആപ്പിന് ഏർപ്പെടുത്തിയ വിലക്കിനുമെതിരെ കേന്ദ്ര സർക്കാരിനെതിരെ നിയമപോരാട്ടത്തിനൊരുങ്ങി ടെലിഗ്രാം. കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ടെലിഗ്രാം ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. ഇന്ത്യയിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ടെലിഗ്രാം ആപ്പ് പൂർണ്ണമായി നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായതിന് പിന്നാലെയാണ് കമ്പനിയുടെ ഈ നിർണായക നീക്കം.
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ടുണ്ടായ തട്ടിപ്പുകളും ചോർച്ചകളും വ്യാജ സന്ദേശങ്ങളും തടയുന്നതിന്റെ ഭാഗമായാണ് ആപ്പിന് നിയന്ത്രണം ഏർപ്പെടുത്തിയതെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്. എന്നാൽ, സർക്കാരിന്റെ ഈ ഏകപക്ഷീയമായ നടപടി ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ടെലിഗ്രാം സിഇഒ വ്യക്തമാക്കി.
ഇന്ത്യയിൽ മാത്രം 150 ദശലക്ഷത്തിലധികം (15 കോടി) ആളുകളാണ് ടെലിഗ്രാം സേവനങ്ങൾ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഇത്തരത്തിൽ പെട്ടെന്ന് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ വലിയൊരു വിഭാഗം സാധാരണക്കാരെയാണ് നേരിട്ട് ബാധിക്കുന്നതെന്നും സിഇഒ കൂട്ടിച്ചേർത്തു. പ്ലാറ്റ്‌ഫോമിലെ ചില ദുരുപയോഗങ്ങൾ ചൂണ്ടിക്കാട്ടി ലക്ഷക്കണക്കിന് ഉപഭോക്താക്കൾ ആശ്രയിക്കുന്ന ഒരു ആപ്പ് പൂർണ്ണമായി നിരോധിക്കുന്നത് നീതിയല്ലെന്ന നിലപാടിലാണ് ടെലിഗ്രാം.



