അനന്തപുരിക്ക് മെട്രോ കുതിപ്പ്…. തിരുവനന്തപുരം മെട്രോയുടെ പുതുക്കിയ ഡിപിആർ തയ്യാറായി…. ചെലവ് 8000 കോടി

തിരുവനന്തപുരം: അനന്തപുരിയുടെ യാത്രാക്ലേശങ്ങൾക്ക് പരിഹാരമാകുന്ന തിരുവനന്തപുരം മെട്രോ റെയിലിന്റെ വിശദമായ പദ്ധതി രേഖ (DPR) തയ്യാറായി. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) തയ്യാറാക്കിയ പുതുക്കിയ പ്രൊജക്ട് റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (KMRL) ഉടൻ കൈമാറും. കെഎംആർഎൽ രണ്ടാഴ്ചയ്ക്കുള്ളിൽ ഈ റിപ്പോർട്ട് സംസ്ഥാന സർക്കാരിന് സമർപ്പിക്കും. സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരം ലഭിച്ച ശേഷമാകും അന്തിമ അനുമതിക്കായി കേന്ദ്ര സർക്കാരിലേക്ക് അയക്കുക. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കൃത്യമായ വിഹിതം ഇതിനുശേഷമേ വ്യക്തമാകൂ.
ഏകദേശം 8000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പുതുക്കിയ അലൈൻമെന്റ് പ്രകാരം 31 കിലോമീറ്റർ ദൂരമാണുള്ളത്. മുൻപ് നിശ്ചയിച്ചിരുന്ന കേശവദാസപുരം വഴി പട്ടത്ത് നിന്ന് ഉള്ളൂരിലേക്കുള്ള അലൈൻമെന്റിൽ നിർണായക മാറ്റം വരുത്തിയിട്ടുണ്ട്. പുതിയ ഡിപിആർ പ്രകാരം മെട്രോ പാത പട്ടത്ത് നിന്ന് മെഡിക്കൽ കോളേജ് വഴിയാകും ഉള്ളൂരിലേക്ക് പ്രവേശിക്കുക. പാപ്പനംകോട് മുതൽ ഈഞ്ചക്കൽ വരെയുള്ള പാതയിൽ ആകെ 27 സ്റ്റേഷനുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം ഇന്റർചേഞ്ച് സ്റ്റേഷനുകളായിരിക്കും. ടെക്നോപാർക്ക് ക്യാമ്പസുകൾ, കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ, അന്താരാഷ്ട്ര വിമാനത്താവളം എന്നിവയെ ബന്ധിപ്പിച്ചാണ് പുതിയ റൂട്ട് കടന്നുപോകുന്നത്.



