പിഎം ശ്രീ പദ്ധതി പരിശോധിക്കാൻ നാലംഗ മന്ത്രിസഭാ ഉപസമിതി….

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾ നിറഞ്ഞ കേന്ദ്ര സർക്കാരിന്റെ ‘പിഎം ശ്രീ’ പദ്ധതിയുടെ തുടർനടപടികൾ പരിശോധിക്കുന്നതിനായി സംസ്ഥാന സർക്കാർ നാലംഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷനായ സമിതിയിൽ മന്ത്രിമാരായ എം. ലിജു, റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ് എന്നിവരാണ് മറ്റ് അംഗങ്ങൾ. പദ്ധതിയിൽ നിന്നുള്ള പിന്മാറ്റം സാധ്യമാണോ എന്നതടക്കമുള്ള നിയമ-രാഷ്ട്രീയ വശങ്ങൾ ഈ സമിതി പരിശോധിക്കും.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായിരുന്ന എ.പി.എം. മുഹമ്മദ് ഹനീഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ (MoU) നേരത്തെ ഒപ്പുവെച്ചിരുന്നു. കേന്ദ്രവുമായി ഇതിനകം ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് തന്നെ, പദ്ധതിയിൽ നിന്ന് പുതിയ സർക്കാരിന് പെട്ടെന്ന് പിന്മാറാൻ കഴിയില്ലെന്ന നിർണായകമായ അഭിപ്രായമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കാരിന് കൈമാറിയിട്ടുള്ളത്. മുൻ സർക്കാർ കരാർ മരവിപ്പിച്ച നടപടിക്ക് നിയമപ്രാബല്യമില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

പ്രതിപക്ഷത്തിരുന്നപ്പോൾ പിഎം ശ്രീ പദ്ധതിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും അതിൽ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെടുകയും ചെയ്ത യുഡിഎഫ് മുന്നണിയാണ് ഇപ്പോൾ കേരളത്തിൽ അധികാരത്തിലുള്ളത്. അതുകൊണ്ട് തന്നെ, പദ്ധതിയുമായി മുന്നോട്ട് പോകേണ്ടി വരുന്നത് സർക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധിയുണ്ടാക്കും. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ നിന്ന് നിയമപരമായി പിന്മാറാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.

നേരത്തെ എൽഡിഎഫ് സർക്കാരിന്റെ കാലത്തും പദ്ധതിയെക്കുറിച്ച് പഠിക്കാൻ ഏഴംഗ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും, ആ സമിതി ഒരിക്കൽ പോലും യോഗം ചേരുകയോ തുടർനടപടികൾ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ നാലംഗ സമിതിയുടെ കണ്ടെത്തലുകളും പുതിയ യുഡിഎഫ് സർക്കാരിന്റെ തീരുമാനവും വളരെ ആകാംഷയോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്.

Related Articles

Back to top button