‘വടകരയിൽ അവർ ഇറക്കാൻ നോക്കിയത് വർഗീയ വിഷം നിറഞ്ഞ ബോംബ്’… കാഫിർ വിവാദത്തിൽ സിപിഐഎം ഉന്നത നേതൃത്വത്തിനെതിരെ ഷാഫി പറമ്പിൽ

വടകര: വടകര പാർലമെന്റ് തിരഞ്ഞെടുപ്പ് കാലത്ത് വൻ വിവാദമുണ്ടാക്കിയ ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി വടകര എംപി ഷാഫി പറമ്പിൽ. ഇത് ഡിവൈഎഫ്‌ഐയിലെയോ സിപിഐഎമ്മിലെയോ താഴെത്തട്ടിലുള്ള ആരുടെയെങ്കിലും തലയിൽ വിരിഞ്ഞ ബുദ്ധിയല്ലെന്നും, പാർട്ടി ഉന്നത നേതൃത്വത്തിന്റെ പൂർണ്ണമായ അറിവോടെ വടകരയുടെ മണ്ണിൽ വർഗീയ വിഷം കലക്കാൻ ബോധപൂർവ്വം നടന്ന ശ്രമമാണെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.
കേരളത്തിലെ പൊലീസിന് വിചാരിച്ചിരുന്നെങ്കിൽ വെറും രണ്ടാഴ്ച കൊണ്ട് അന്വേഷിച്ച് തീർക്കാവുന്ന കേസാണിത്. എന്നാൽ അന്വേഷണത്തിന്റെ തുടക്കത്തിൽ തന്നെ ഇതിന് പിന്നിൽ സ്വന്തം നേതാക്കളാണെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പിണറായി സർക്കാർ കേസ് രണ്ടു കൊല്ലത്തോളം നീട്ടിക്കൊണ്ടുപോയതെന്ന് ഷാഫി മാധ്യമങ്ങളോട് പറഞ്ഞു. വ്യക്തിപരമായി എന്നെ തകർക്കാനല്ല, മറിച്ച് ഈ നാടിന്റെ കാലങ്ങളായുള്ള മതസൗഹാർദ്ദവും ഐക്യവും തകർക്കാനാണ് സിപിഐഎമ്മിലെ ചിലർ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിപിഐഎമ്മിന്റെ മുൻകാല ചരിത്രങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു ഷാഫിയുടെ വിമർശനം. “ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ‘മാഷാ അള്ളാ’ സ്റ്റിക്കർ ആരും മറന്നിട്ടില്ല. ഫസലിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഉപയോഗിച്ച തൂവാല എന്തിനാണ് അമ്പലത്തിന് മുന്നിലിട്ടത് എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സമാനമായ രീതിയിലാണ് വടകരയിലും വർഗീയ വിഷം നിറഞ്ഞ ബോംബ് ഇറക്കാൻ അവർ ശ്രമിച്ചത്. അന്നത്തെ ഇടത് സ്ഥാനാർത്ഥിയും നേതാക്കളും ഉൾപ്പെടെ ഈ വ്യാജ സ്‌ക്രീൻഷോട്ട് വലിയ രീതിയിൽ പ്രചരിപ്പിക്കുകയും തിരഞ്ഞെടുപ്പ് അജണ്ടയാക്കാൻ നോക്കുകയും ചെയ്തു. എന്നാൽ വടകരയിലെ പ്രബുദ്ധരായ ജനങ്ങൾ അതിന് നിന്നുകൊടുത്തില്ല,” ഷാഫി പറമ്പിൽ വ്യക്തമാക്കി. കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തിൽ വർഗീയ വിഷം നിറയ്ക്കുന്നവരായി ഇടതു നേതാക്കൾ മാറരുതായിരുന്നുവെന്നും പൊതുസമൂഹം ഈ ഗൂഢാലോചന കൃത്യമായി തിരിച്ചറിഞ്ഞുവെന്നും എംപി കൂട്ടിച്ചേർത്തു.



