നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി….ഞെട്ടിക്കുന്ന സംഭവം നടന്നത് തിരുവനന്തപുരത്ത്…..

തിരുവനന്തപുരത്ത് പ്രസവിച്ചശേഷം നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് ഫ്ളഷ് ചെയ്ത് യുവതി. നടുക്കുന്ന സംഭവമുണ്ടായത് തിരുവനന്തപുരം എസ്എടി ആശുപത്രിയിലാണ്. ഫയർ ഫോഴ്സ് സ്ഥലത്തെത്തി ടാങ്ക് പൊളിച്ച് കുഞ്ഞിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ വണ്ടിത്തടം സ്വദേശിനി ഗ്രീഷ്മയെ (20) പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് രക്തസ്രാവമുണ്ടെന്ന് പറഞ്ഞ് ഗ്രീഷ്മ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ഗർഭം അലസിപ്പിക്കാനുള്ള ഗുളിക നേരത്തേ ഇവർ കഴിച്ചിരുന്നുവെന്നും ഇതാണ് രക്തസ്രാവമുണ്ടാകാൻ കാരണമെന്നുമാണ് ആശുപത്രിവൃത്തങ്ങൾ പറയുന്നത്.
അവിവാഹിതയായ ഗ്രീഷ്മ ഗർഭിണിയായതിനാലുള്ള അഭിമാനക്ഷതം ഭയന്നാണ് ഇങ്ങനെയൊരു ക്രൂരത ചെയ്തതെന്നാണ് സംശയമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗ്രീഷ്മയുടെ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പോലീസ് കസ്റ്റഡിയിലുള്ള ഗ്രീഷ്മ രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്.



