പാലക്കാട് ഐഐടിയിലെ വിദ്യാർഥിനി ആക്രമിക്കപ്പെട്ട കേസിൽ പ്രതിയുടെ നിർണായക വെളിപ്പെടുത്തൽ….

പാലക്കാട്: പാലക്കാട് ഐഐടി കാമ്പസിൽ ഡാറ്റാ സയൻസ് എൻജനീയറിങ് വിദ്യാർഥിനിയെ ആക്രമിച്ചത് കവർച്ച ലക്ഷ്യമിട്ടാണെന്ന് പ്രതിയുടെ വെളിപ്പെടുത്തൽ. കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള കൊൽക്കത്ത സ്വദേശി സുമനാണ് (അതിഥി തൊഴിലാളി) കുറ്റം സമ്മതിച്ചത്. തമിഴ്‌നാട് സേലം സ്വദേശിയായ നാലാം വർഷ വിദ്യാർഥിനി അശ്വിനിയെ (23) തലയ്ക്കടിച്ച് വീഴ്ത്തി ആഭരണം കവരാൻ ശ്രമിച്ചെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ഫെബ്രുവരി 23-ന് വൈകീട്ട് എട്ടരയോടെയായിരുന്നു കാമ്പസിനെ നടുക്കിയ സംഭവം നടന്നത്. ഡൈനിങ് ഹാളിലേക്ക് ഭക്ഷണം കഴിക്കാനായി പെൺകുട്ടികളുടെ സംഘം പോകുന്നതിനിടെ, അശ്വിനി ഒറ്റയ്ക്കായ സമയം നോക്കിയാണ് പ്രതി ആക്രമണം നടത്തിയത്. കാമ്പസിലെ കുറ്റിക്കാട്ടിൽ നിർമാണപ്രവർത്തനത്തിനായി എത്തിച്ച മരത്തടിയുമായി ഇയാൾ ഒളിച്ചിരിക്കുകയായിരുന്നു. തുടർന്ന് അശ്വിനിയെ അപ്രതീക്ഷിതമായി തലയ്ക്കടിച്ച് വീഴ്ത്തുകയും ആഭരണങ്ങൾ കവരാൻ ശ്രമിക്കുകയുമായിരുന്നു.
തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി നിലവിളിച്ചതോടെ മറ്റ് വിദ്യാർഥികൾ ഓടിയെത്തുകയും, ഭയന്നുപോയ പ്രതി ശ്രമം ഉപേക്ഷിച്ച് സമീപത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലേക്ക് ഓടി രക്ഷപ്പെടുകയുമായിരുന്നു. പിന്നീട് പൊലീസിനെ പേടിച്ച് ഇയാൾ സ്വന്തം നാട്ടിലേക്ക് കടന്നു. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പശ്ചിമബംഗാളിൽ നിന്നാണ് കസബ പൊലീസ് ഇയാളെ പിടികൂടിയത്. റിമാൻഡിലായിരുന്ന പ്രതിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയുമായി പൊലീസ് ഐഐടി കാമ്പസിലും സമീപത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പിലുമെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.



