സംസ്ഥാനത്ത് വീണ്ടും ഉരുൾപൊട്ടൽ… വിവിധ ജില്ലകളിൽ മണ്ണിടിഞ്ഞു….

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ കോഴിക്കോട്, കാസർകോട് ജില്ലകളിൽ ഉരുൾപൊട്ടൽ. കോഴിക്കോട് കോടഞ്ചേരി ഈരൂട്ടിലും കാസർകോട് ചിറ്റാരിക്കലിലെ തയ്യെനി വായിക്കാനത്തുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്. കോടഞ്ചേരി ഈരൂട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഏകദേശം നാലേക്കറോളം ഭൂമി ഒലിച്ചുപോയി. മണ്ണിടിഞ്ഞ സമയത്ത് തോട്ടത്തിലോ സമീപ പ്രദേശങ്ങളിലോ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.
കാസർകോട് ചിറ്റാരിക്കലിലെ തയ്യെനി വായിക്കാനത്ത് ഉരുൾപൊട്ടലിനെ തുടർന്ന് മലവെള്ളപ്പാച്ചിലും അനുഭവപ്പെട്ടു. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രദേശത്ത് ജാഗ്രത തുടരുകയാണ്. അതേസമയം, സംസ്ഥാനത്താകെ മഴക്കെടുതി രൂക്ഷമാവുകയാണ്. പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ കാട്ടുകുളം അത്താണിപ്പടിയിലെ നാലകത്ത് അലിയുടെ വീടിന്റെ ഭിത്തി ഇടിഞ്ഞുവീണ് പൂർണമായും തകർന്നു. അപകട സമയത്ത് വീട്ടുകാർ പുറത്തായിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ ഏഴ് മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും കോട്ടയം, ഇടുക്കി ജില്ലകളിലായി നാല് പേർ മരിച്ചു. കൂടാതെ കോട്ടയം വാകത്താനത്ത് വെള്ളക്കെട്ടിൽ വീണ് പതിനൊന്നുകാരനും, മലപ്പുറം കൊണ്ടോട്ടിയിൽ നാല് വയസുകാരനും വണ്ടൂരിൽ മൂന്ന് വയസുകാരനും ഒഴുക്കിൽപ്പെട്ട് മരിച്ചു.
കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷമായത്. കോട്ടയം പാലായിലും ഈരാറ്റുപേട്ടയിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. ഉച്ചയ്ക്ക് ശേഷം മഴയ്ക്ക് നേരിയ ശമനമായതോടെ ഇടുക്കി ഉപ്പുതറ, ചപ്പാത്ത്, ഏലപ്പാറ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലെ ജനവാസ മേഖലകളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി. പത്തനംതിട്ടയിലെ റാന്നിയിലും ആറന്മുളയിലും ഇപ്പോഴും കനത്ത വെള്ളക്കെട്ട് തുടരുകയാണ്. മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും നദീതീര പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



