കാണിക്കവഞ്ചി മുതൽ ബെവ്കോ വരെ… കുപ്രസിദ്ധ മോഷണസംഘം പിടിയിൽ

പത്തനംതിട്ട: തെക്കൻ ജില്ലകളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ. പത്തനംതിട്ട അടൂർ പൊലീസാണ് ചിന്നക്കനാലിലെ ഒളിത്താവളത്തിൽ നിന്ന് അഞ്ചംഗ സംഘത്തെ പിടികൂടിയത്. സംഘത്തലവൻ തിരുവല്ല സ്വദേശി വിശാൽ റാവുത്തർ ഒഴികെ മറ്റ് നാലുപേരും പ്രായപൂർത്തിയാകാത്തവരാണ്. വന്യജീവി സാന്നിധ്യം ഉൾപ്പെടെയുള്ള പ്രദേശത്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ അടൂർ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് സാഹസികമായാണ് പിടികൂടിയത്.
പത്തനംതിട്ട ജില്ലയിൽ വ്യാപക മോഷണം നടത്തിയ ശേഷമാണ് സംഘം ചിന്നക്കനാലിലേക്ക് കടന്നത്. വിവിധ ആരാധനാലയങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് പണം കവർന്നതിന് പുറമെ കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് രണ്ട് കേസ് മദ്യവും സംഘം കടത്തിക്കൊണ്ടുപോയിരുന്നു. വെഞ്ഞാറമൂട്ടിൽ നിന്ന് മോഷ്ടിച്ച ഓട്ടോറിക്ഷയിലാണ് സംഘം കറങ്ങി മോഷണം നടത്തിയിരുന്നത്. പിന്നീട് ഓട്ടോറിക്ഷ കൈപ്പട്ടൂരിൽ ഉപേക്ഷിച്ചാണ് സംഘം കടന്നുകളഞ്ഞത്. കേസിൽ കാര്യമായ തുമ്പുകളൊന്നും ലഭിക്കാതിരുന്ന ഘട്ടത്തിലാണ് സംഘത്തലവന്റെ കയ്യിലെ ടാറ്റൂ അന്വേഷണത്തിൽ നിർണായകമായത്. വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
തുടർന്ന് പ്രത്യേക പൊലീസ് സംഘം അടൂർ എസ്.ഐ ജിനുവിന്റെ നേതൃത്വത്തിൽ ചിന്നക്കനാലിലെത്തി പരിശോധന നടത്തി. ഇതോടെ ഒളിത്താവളത്തിൽ കഴിഞ്ഞിരുന്ന പ്രതികളെ സാഹസികമായി പിടികൂടുകയായിരുന്നു. ചിന്നക്കനാലിൽ ഒളിവിൽ കഴിയുന്നതിനിടെയും സംഘം മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. ഇവിടെ ഒരു വ്യാപാരസ്ഥാപനം കുത്തിത്തുറന്ന് 50,000 രൂപ കവർന്നതായാണ് വിവരം. സംഘം പിടിയിലായതോടെ മറ്റ് ജില്ലകളിൽ നടന്ന മോഷണക്കേസുകളിലും കൂടുതൽ തുമ്പുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.



