പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ…. തച്ചങ്കരിയുടെ ശിക്ഷയിൽ സെൻകുമാർ

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവ് ലഭിച്ചതിൽ പ്രതികരണവുമായി ടി.പി. സെൻകുമാർ. ‘പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ’ എന്ന് പറഞ്ഞ സെൻകുമാർ ശിക്ഷാവിധി തികച്ചും മാതൃകാപരമാണെന്നും പ്രതികരിച്ചു. താൻ തന്നെ ഏകദേശം എട്ടോളം എൻക്വയറികൾ നടത്തി റിപ്പോർട്ടുകൾ നൽകിയിരുന്നതായി ടി.പി. സെൻകുമാർ പറഞ്ഞു. എന്നാൽ സാമുദായികവും രാഷ്ട്രീയവുമായ സ്വാധീനം സർക്കാരുകളിൽ ഉണ്ടായിരുന്നതിനാൽ നടപടികളുണ്ടായില്ലെന്നും അദ്ദേഹം ആരോപിച്ചു.
“പലനാൾ ഇതേപോലെ ചെയ്തുവരുമ്പോൾ എവിടെയെങ്കിലും കുടുങ്ങും. നല്ല പ്രോസിക്യൂട്ടറും ഉദ്യോഗസ്ഥരും അന്വേഷണ ഉദ്യോഗസ്ഥരുമെല്ലാം സമ്മർദത്തിലും സ്വാധീനത്തിലും വീഴാതെ പ്രവർത്തിച്ചതുകൊണ്ടാണ് ഇപ്പോൾ മാതൃകാപരമായ ശിക്ഷാ നടപടിയിലേക്ക് പോകാൻ സാധിച്ചത്,” എന്ന് സെൻകുമാർ പറഞ്ഞു. ബാക്കിയുള്ള ഐപിഎസ് ഉദ്യോഗസ്ഥർ ഇതിൽ നിന്ന് കാര്യങ്ങൾ മനസിലാക്കണമെന്നും ഇത്തരം സാഹചര്യം അവർക്കുണ്ടാകാതിരിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാല് വർഷം കഠിനതടവ് ശിക്ഷ ലഭിച്ചത്. 30.84 ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ രണ്ട് മാസം അധികം തടവ് അനുഭവിക്കണം. കോട്ടയം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. 2003 മുതൽ 2007 വരെയുള്ള കാലയളവിൽ 64.7 ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്ന കേസിലാണ് നടപടി.



