ബാറിൽ തുടങ്ങി പൊലീസ് സ്റ്റേഷനിൽ വരെ അക്രമം… ഗുണ്ടാസംഘം പിടിയിൽ

ചങ്ങനാശേരി: ചങ്ങനാശേരി ടൗണിലും പൊലീസ് സ്റ്റേഷനിലും അക്രമം അഴിച്ചുവിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. കോട്ടയം ജില്ലയിലെ ഗുണ്ടാപ്രവർത്തനങ്ങളിലും നിരവധി ക്രിമിനൽ കേസുകളിലും പ്രതികളായ സാജു ജോജോ, മിഥുൻ തോമസ്, ഇവർക്കൊപ്പം അക്രമത്തിൽ പങ്കെടുത്ത അഭിഭാഷകൻ ജുബിൻ എന്നിവരെയാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി ചങ്ങനാശേരിയിലെ ബാറിൽ അക്രമം നടത്തിയ സംഘം പിന്നീട് മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ അസഭ്യം പറയുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. കടയിലെ സാധനങ്ങളും മൊബൈൽ ഫോണുകളും അടിച്ചുതകർത്തു. പ്രതികളെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്ഐ അജിത് കുമാറിനെയും സിപിഒ റിജോമോനെയും സംഘം ആക്രമിച്ചു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെത്തി സാഹസികമായാണ് പ്രതികളെ കീഴടക്കി സ്റ്റേഷനിലെത്തിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയ ശേഷവും പ്രതികൾ അക്രമം തുടർന്നെന്നാണ് പരാതി. സ്റ്റേഷനിലെ ഉപകരണങ്ങൾ അടിച്ചുതകർത്ത സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ റെയ്നോൾഡിനെയും സിപിഒ ദിലീപ് ചെല്ലത്തിനെയും ആക്രമിച്ച് പരുക്കേൽപ്പിച്ചു. ഒരു രാത്രി മുഴുവൻ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നും പൊലീസ് പറയുന്നു.

ഒരു മാസം മുമ്പും പ്രതികൾ മുനിസിപ്പൽ ആർക്കേഡിലെ മൊബൈൽ ഷോപ്പിലെത്തി ജീവനക്കാരെ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തിരുന്നു. അന്ന് പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രതികൾക്ക് ജാമ്യം ലഭിച്ചു. സാജു ജോജോയ്ക്കും മിഥുൻ തോമസിനും ജില്ലയിലും സമീപ ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുമായി 30-ലധികം ക്രിമിനൽ കേസുകളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും കാപ്പ നിയമപ്രകാരം പലതവണ ശിക്ഷ അനുഭവിച്ചിട്ടുള്ളവരാണ്. ചങ്ങനാശേരി ഡിവൈഎസ്പി അഷാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Related Articles

Back to top button