അനിൽ അംബാനി ഗ്രൂപ്പിന് വീണ്ടും തിരിച്ചടി… കോടികളുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് ലിമിറ്റഡ്, റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നിവയുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസുകളിലാണ് നടപടി. രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, തമിഴ്നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഒരു ഓഫീസ് കെട്ടിടം, ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, സ്ഥാവര സ്വത്തുക്കൾ എന്നിവ കണ്ടുകെട്ടിയ ആസ്തികളിൽ ഉൾപ്പെടുന്നു.

റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ് കേസുകളിൽ 263.05 കോടി രൂപയുടെയും റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട കേസിൽ 247.12 കോടി രൂപയുടെയും ആസ്തികളാണ് ഇ.ഡി കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA), വിദേശനാണയ വിനിമയ നിയന്ത്രണ നിയമം (FEMA) എന്നിവ പ്രകാരം റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഇതുവരെ കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം 23,100 കോടി രൂപയായി. സിബിഐ, ഡൽഹി പോലീസ്, മുംബൈ പോലീസ് എന്നിവയുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നീ കമ്പനികൾ അന്വേഷണ പരിധിയിലുണ്ട്. ബാങ്കുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും പൊതുപണം വകമാറ്റിയെന്നാണ് ഇ.ഡിയുടെ ആരോപണം.

കമ്പനികളുടെ ആസ്തികൾ സ്വന്തം ആവശ്യങ്ങൾക്കായി സംരക്ഷിക്കാൻ പാപ്പരത്ത നിയമം ദുരുപയോഗം ചെയ്തുവെന്നും, ഇന്ത്യൻ പൊതുപണം വിദേശത്തെ ‘ടാക്‌സ് ഹെവൻ’ രാജ്യങ്ങളിലേക്ക് മാറ്റി പ്രമോട്ടർമാരുടെയും കുടുംബാംഗങ്ങളുടെയും വ്യക്തിപരമായ നേട്ടത്തിനായി ഉപയോഗിച്ചെന്നും ഇ.ഡി ആരോപിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റിലയൻസ് ക്യാപിറ്റൽ വഴിയും മറ്റും ഇപിഎഫ്ഒയ്ക്ക് 1,816.22 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണങ്ങൾ അനിൽ അംബാനിയുടെ വക്താവ് നിഷേധിച്ചു. 2021 നവംബറിൽ കമ്പനിയുടെ അധികാരം റിസർവ് ബാങ്ക് ഏറ്റെടുത്തതോടെ അദ്ദേഹത്തിന്റെ ചുമതല അവസാനിച്ചിരുന്നെന്നും അനിൽ അംബാനി യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്നും നിയമപരമായ അവകാശങ്ങളുമായി മുന്നോട്ടുപോകുമെന്നും വക്താവ് വ്യക്തമാക്കി.

Related Articles

Back to top button