‘ആർത്തവ അവധി കുട്ടികളെ മാറ്റിനിർത്താനല്ല, അത് പഠനത്തിന് തടസ്സമാകാതിരിക്കാനുള്ള ഇളവ്’….. വിവാദങ്ങൾക്ക് മറുപടിയുമായി വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി അനുവദിച്ചതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഉയരുന്ന വിവാദങ്ങളിൽ വ്യക്തത വരുത്തി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. പട്ടം ഗേൾസ് സ്കൂളിൽ സംസ്ഥാനതല പ്രവേശനോത്സവ ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർത്തവ സമയത്ത് പെൺകുട്ടികളെ സ്കൂളിൽ നിന്ന് വിലക്കുകയോ മാറ്റിനിർത്തുകയോ ചെയ്യുന്നു എന്ന രീതിയിലുള്ള പ്രചാരണങ്ങൾ തികച്ചും തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഇതിനെ വളരെ പോസിറ്റീവായി മാത്രം കാണണമെന്നും അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുഞ്ഞുങ്ങളുടെ വിദ്യാർത്ഥി ജീവിതത്തിലേക്കുള്ള ആദ്യ ചുവടുവെയ്പ്പ് വർണ്ണാഭമാക്കാൻ വിപുലമായ ഒരുക്കങ്ങളാണ് സ്കൂളുകളിൽ നടത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പുതുയുഗ വിദ്യാലയം എന്ന ആശയമാണ് സർക്കാരിന്റെ മനസ്സിലുള്ളത്. ലോകം ഒരു ആഗോളഗ്രാമമായി മാറുമ്പോൾ നമ്മുടെ കുട്ടികൾ മത്സരിക്കുന്നത് ലോകത്തിന്റെ വിവിധ കോണുകളിലുള്ള കുട്ടികളോടാണെന്നും അതിനാൽ പഠനരീതികൾ നിരന്തരം അപ്‌ഡേറ്റ് ചെയ്യപ്പെടണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ സർക്കാരിന്റെ വലിയ ലക്ഷ്യങ്ങളെക്കുറിച്ച് സംസാരിച്ചു. കേരളത്തെ വിദ്യാഭ്യാസത്തിന്റെ ഡെസ്റ്റിനേഷൻ പോയിന്റ് ആക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

നമ്മുടെ കുട്ടികൾക്ക് പഠനത്തിനായി വിദേശങ്ങളിലേക്ക് പോകേണ്ട സാഹചര്യം ഭാവിയിൽ ഉണ്ടാകില്ല. വിദേശരാജ്യങ്ങളിൽ നിന്ന് പോലും വിദ്യാർത്ഥികൾ പഠനത്തിനായി കേരളത്തിലേക്ക് എത്തുന്ന സാഹചര്യം ഒരുക്കും. നാടിന്റെ ഏറ്റവും വലിയ നിക്ഷേപം പുതിയ തലമുറയാണ്. ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥികൾ ജാഗ്രത പാലിക്കണമെന്നും മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കൂട്ടുകാരെ ലഹരിയുടെ വഴിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ഓരോ വിദ്യാർത്ഥിയും മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button