‘സ്റ്റേഷനിൽ ഇരുന്നത് 3 മണിക്കൂറല്ല, 1 മണിക്കൂർ 17 മിനിറ്റ്’… അൻസിബയുടെ വാദങ്ങൾ തള്ളി ലക്ഷ്മിപ്രിയ

കൊച്ചി: നടിമാരായ അൻസിബ ഹസനും ലക്ഷ്മിപ്രിയയും തമ്മിലുള്ള തർക്കം പുതിയ വെളിപ്പെടുത്തലുകളോടെ കൂടുതൽ വഷളാകുന്നു. തങ്ങളെ പൊലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം തടഞ്ഞുവെച്ചു എന്ന അൻസിബയുടെ വാദം പൂർണ്ണമായും തെറ്റാണെന്ന് ലക്ഷ്മിപ്രിയ വ്യക്തമാക്കി. തങ്ങൾ രണ്ടുപേരും സ്റ്റേഷനിൽ ഉണ്ടായിരുന്നത് കൃത്യമായി ഒരു മണിക്കൂറും 17 മിനിറ്റും 20 സെക്കന്റും മാത്രമാണെന്നും ഇതിന്റെ കൃത്യമായ ഡിജിറ്റൽ തെളിവുകൾ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ വെളിപ്പെടുത്തി. തന്റെ കുടുംബജീവിതത്തെ ബാധിക്കുന്ന തരത്തിൽ അൻസിബ അയച്ച ഒരു വാട്സ്ആപ്പ് സന്ദേശമാണ് പരാതിയിലേക്ക് നയിച്ചതെന്ന് ലക്ഷ്മിപ്രിയ പറഞ്ഞു.
ചേച്ചി ദുബായിൽ വച്ച് എന്തെങ്കിലും ഫോട്ടോ എടുത്തിരുന്നോ?” എന്ന് തുടങ്ങുന്നതായിരുന്നു അൻസിബയുടെ ആ മെസേജ്. ഈ അനാവശ്യ സന്ദേശത്തെക്കുറിച്ച് പലതവണ ചോദിച്ചിട്ടും വ്യക്തമായ ഒരു വിശദീകരണം നൽകാൻ അൻസിബ തയ്യാറായില്ല. വ്യക്തികൾ തമ്മിലുള്ള ഈ പ്രശ്നത്തിൽ താരസംഘടനയായ ‘അമ്മ’ ഇടപെടേണ്ട കാര്യമില്ല എന്നും ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ, താൻ അയച്ച സാധാരണ സന്ദേശത്തെ ദുർവ്യാഖ്യാനം ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു എന്നാണ് അൻസിബയുടെ പരാതി. തൃപ്പൂണിത്തുറ പൊലീസ് സ്റ്റേഷനിലെ വനിതാ എസ്ഐ രേഷ്മയ്ക്കെതിരെ അൻസിബ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എസ്ഐ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഭീഷണിപ്പെടുത്തിയെന്നും തനിക്കെതിരെയുള്ള ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അൻസിബ ആരോപിക്കുന്നു. നേരിട്ട അപമാനത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്.
തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഓഫീസിൽ മൊഴി നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിച്ച അൻസിബ, നടൻ ടിനി ടോമിനെതിരെയും ‘അമ്മ’ സംഘടനയ്ക്കെതിരെയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. തന്റെ പേര് ‘അൻസിബ ഹസൻ’ എന്നായതുകൊണ്ട് വ്യക്തിവിരോധം തീർക്കാൻ സമൂഹത്തിന് തെറ്റായ സന്ദേശം നൽകാൻ ടിനി ടോം ശ്രമിച്ചുവെന്നും തന്നെ ‘ജിഹാദി’ എന്ന് വിളിച്ചതായും അൻസിബ ആരോപിച്ചു. ഇതിനിടെ, നടൻ ടിനി ടോം തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്ന് കാട്ടി നടി നീനാ കുറുപ്പും സംഘടനയ്ക്ക് പരാതി നൽകിയിട്ടുണ്ട്.



